scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Saturday, June 15, 2013

സ്വവര്‍ഗ്ഗാനുരാഗികളെ പിടികൂടിയ ദുരന്തം

എഴുതിയത് അബ്ദുല്‍ മജീദ്.പി.    
ലൂത്തിനെ നാം ദൈവദൂതനായി നിയോഗിച്ചു. അദ്ദേഹം സ്വജനത്തോട് പറഞ്ഞതോര്‍ക്കുക: നിങ്ങള്‍ നോക്കിനില്‍ക്കെ അശ്ലീല കൃത്യങ്ങള്‍ ചെയ്യുന്നുവെന്നോ? സ്ത്രീകളെ വെടിഞ്ഞു കാമപൂര്‍ത്തിക്കായി പുരുഷന്മാരെ പ്രാപിക്കുകയോ? സത്യത്തില്‍ കടുത്ത അവിവേകമാകുന്നു നിങ്ങള്‍ ചെയ്യുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ജനത്തിന്റെ മറുപടിയോ, ഇപ്രകാരം ഘോഷിച്ചതു മാത്രമായിരുന്നു: ലൂത്ത്കുടുംബത്തെ നമ്മുടെ നഗരത്തില്‍നിന്നു നാടുകടത്തുക. അവര്‍ വലിയ വിശുദ്ധി ചമയുന്നവരാകുന്നു. ഒടുവില്‍ അദ്ദേഹത്തെയും കുടുംബത്തെയും നാം രക്ഷിച്ചു; അദ്ദേഹത്തിന്റെ ഭാര്യയെയൊഴിച്ച്. അവള്‍ പിറകിലായിപ്പോകണമെന്ന് നാം തീരുമാനിച്ചിട്ടുണ്ടായിരുന്നു. അവരുടെ മേല്‍ നാം ഒരു പേമാരി വര്‍ഷിച്ചു. മുന്നറിയിപ്പ് ലഭിച്ചവരെ സംബന്ധിച്ചേടത്തോളം അതിദുഷ്ടമായ മഴതന്നെയായിരുന്നു അത്'.


(അന്നംല്,54-58)
മനുഷ്യരില്‍ ലൈംഗിക താല്‍പര്യം ഉണ്ടാകുക എന്നത് സ്വാഭാവികമാണ്. അത് പൂര്‍ത്തീകരിക്കാന്‍ അനുവദനീയമായ മേഖലകള്‍ ഇസ്‌ലാം അനുവദിച്ചിട്ടുണ്ട്. ഇത് മനുഷ്യര്‍ക്ക് മാത്രമല്ല ജീവിവര്‍ഗത്തിന്റെ മുഴുവന്‍ പ്രത്യേകതയാണ്. എന്നാല്‍ സ്വാഭാവിക ലൈംഗികാകര്‍ഷണം ഉണ്ടേകേണ്ടത് എതിര്‍ ലിംഗത്തോടാണ്. പക്ഷെ അതിന് വിപരീതമായി ഒരേ ലിംഗത്തോട് തന്നെ താല്‍പര്യം തോന്നുക എന്നത് മനുഷ്യ ചരിത്രത്തിലെ അപൂര്‍വപ്രതിഭാസമാണ്. മാനസികവൈകല്യം മൂലമാണ്  ഇത് സംഭവിക്കുന്നത് എന്ന് നരവംശ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. ആധുനിക കാലത്ത് സൈനിക ബാരക്കുകള്‍ സ്ത്രീകളോ പുരുഷന്മാരോ മാത്രം താമസിക്കുന്ന ഹോസ്റ്റലുകള്‍, കോണ്‍വെന്റുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഇത് ചിലപ്പോഴൊക്കെ സംഭവിക്കുന്നു. പക്ഷേ ഇന്ന് എല്ലാ ടൗണ്‍ഷിപ്പുകളിലേക്കും വ്യാപിക്കുന്ന ഒരു വലിയ മനോസാംസ്‌കാരികരോഗമായി വളര്‍ന്നിരിക്കുന്നു. വിശുദ്ധ വേദങ്ങള്‍ മുഴുവന്‍ ശക്തമായി മുന്നറിയിപ്പ് നല്‍കിയ കുറ്റകൃത്യവും പ്രകൃതി വിരുദ്ധ പ്രക്രിയയുമാണിത്. മനുഷ്യ വംശം നിലനില്‍ക്കാന്‍ വേണ്ടിയാണ് ലൈംഗിക പ്രജനനരീതി അല്ലാഹു സംവിധാനിച്ചിരിക്കുന്നത്. എന്നാല്‍ എല്ലാപ്രജനന സംവിധാനത്തെയും തകര്‍ക്കുന്നതാണ് സ്വവര്‍ഗ്ഗ ഭോഗം. അതിനാലാണ് അത് അനുവര്‍ത്തിച്ച സമൂഹത്തെ അല്ലാഹു നശിപ്പിച്ചുകളഞ്ഞത്. ഇണകളായി വ്യത്യസ്ത ലിംഗ ഘടനയോടും ആകര്‍ഷണത്തോടെയും സൃഷ്ടിച്ചത് അല്ലാഹുവിന്റെ അനുഗ്രഹമാണെന്നാണ് അല്ലാഹു വിശ്വാസികളെ ഓര്‍മപ്പെടുത്തുന്നത്    

'ഭൂമിയില്‍ മുളക്കുന്ന സസ്യങ്ങളിലും ഇവരുടെ (മനുഷ്യരുടെ) തന്നെ വര്‍ഗത്തിലും ഇവര്‍ക്കറിഞ്ഞുകൂടാത്ത മറ്റെല്ലാ വര്‍ഗങ്ങളിലും ഇണകളെ സൃഷ്ടിച്ചവന്‍ എത്രയും പരിശുദ്ധനാകുന്നു.'(യാസീന്‍-36).
ദൈവിക പ്രകൃതിയെ ജനങ്ങള്‍ ധിക്കരിച്ചപ്പോള്‍ ആ നാട്ടുകാരെയും നാടിനെയും അല്ലാഹു നശിപ്പിച്ചു കളഞ്ഞു.ഖുര്‍ആനിലും ബൈബിളിലും പരാമര്‍ശിക്കപ്പെടുന്ന ലൂത്ത് പ്രവാചകനും കുടുംബവും ജീവിച്ച പുരാതന ഫലസ്തീനിലെ ഒരു നഗരമാണ് സദൂം അഥവാ സൊദോം(sodom). ദൈവനിയോഗ പ്രകാരം ഈ പ്രദേശത്തേക്ക്  പ്രവാചകന്‍ ആഗതനായപ്പോള്‍ ഇവിടെ വസിച്ചിരുന്ന ജനസമൂഹം അദ്ദേഹത്തെ പരിഹസിക്കുകയും മുകളില്‍ പരാമര്‍ശിച്ചത് പോലെ പുറംതിരിഞ്ഞു നില്‍ക്കുകയും ചെയ്തതിനാല്‍ ദൈവിക ശിക്ഷയുടെ ഭാഗമായി ഈ നഗരം നശിക്കുകയും ചാവുകടലില്‍ മുങ്ങിപ്പോകുകയും ചെയ്തതായി ഖുര്‍ആനില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ലൂത്ത് അഥവാ ലോത്ത് ഈ പ്രദേശത്ത് എത്തുവാനിടയായ സാഹചര്യത്തെക്കുറിച്ച് വ്യത്യസ്ഥമായ കാരണങ്ങളാണ് ബൈബിളില്‍ കാണപ്പെടുന്നത്. ഒരേ പ്രദേശത്ത് വസിച്ചിരുന്ന അബ്രഹാമിന്റെയും ലോത്തിന്റെയും കന്നുകാലികളുടെ ഇടയന്‍മാര്‍ തമ്മിലുള്ള കലഹം പതിവായപ്പോള്‍ ഒരു പരിഹാരമെന്ന നിലയില്‍ ഇരുവരും വെവ്വേറെ പ്രദേശങ്ങളില്‍ താമസിക്കുവാനുള്ള കൂട്ടായ തീരുമാനത്തെ തുടര്‍ന്ന് ലോത്ത് കൂടുതല്‍ ഫലയൂഷ്ഠവും സമൃദ്ധവുമായ സോദോം തെരഞ്ഞെടുത്തു എന്നാണ് ബൈബിള്‍ ഭാഷ്യം. എന്നാല്‍ ദൈവകോപം 'തീമഴയായി' സോദോമിനു മേല്‍ പെയ്തിറങ്ങി ഈ നഗരത്തെ സമൂലം നശിപ്പിച്ചുവെന്നും ഇതിനു കാരണമായത് തദ്ദേശിയ സമൂഹത്തെ ഗ്രസിച്ചിരുന്ന സ്വവര്‍ഗലൈംഗികതയിരുന്നുവെന്നുമുള്ള വിശദീകരണത്തില്‍ ഖുറാനും ബൈബിളും സമാനത പുലര്‍ത്തുന്നു.
സദൂമിന്റെ പതനത്തെ കുറിച്ച് ഖുര്‍ആന്‍(ഹൂദ് :82) പറയുന്നത് ഇപ്രകാരമാണ് :
'അങ്ങനെ നമ്മുടെ കല്‍പന വന്നെത്തിയപ്പോള്‍ നാം ആ നാടിനെ കീഴ്‌മേല്‍ മറിച്ചുകളഞ്ഞു. അതിനു മീതെ നാം ചുട്ട മണ്‍കട്ടകള്‍ വര്‍ഷിച്ചു. അവയില്‍ ഓരോ കല്ലും നിന്റെ നാഥങ്കല്‍ അടയാളപ്പെടുത്തിയിട്ടുള്ളതായിരുന്നു. ഈ ശിക്ഷ ധിക്കാരികളില്‍നിന്ന് ഒട്ടം വിദൂരമല്ല.'
ബൈബിളിലെ ഉത്പത്തിപുസ്തകത്തിലെ (19:24,25) സമാനമായ പരാമര്‍ശം ഇങ്ങനെയാണ്:
'യഹോവ സൊദോമിന്റെയും ഗൊമോരയുടെയും മേല്‍ യഹോവയുടെ സന്നിധിയില്‍നിന്നു, ആകാശത്തു നിന്നു തന്നെ, ഗന്ധകവും തീയും വര്‍ഷിപ്പിച്ചു.ആ പട്ടണങ്ങള്‍ക്കും പ്രദേശത്തിന്നും മുഴുവനും ആ പട്ടണങ്ങളിലെ സകലനിവാസികള്‍ക്കും നിലത്തെ സസ്യങ്ങള്‍ക്കും ഉന്മൂലനാശം വരുത്തി.'ഇപ്പോള്‍ ചാവുകടല്‍ സ്ഥിതിചെയ്യുന്ന പ്രദേശമടങ്ങുന്നതായിരുന്നു സദൂം.ഈ പ്രദേശത്തിന് സംഭവിച്ച ഭൂമിശാസ്ത്രപരമായ വ്യതിയാനത്തെ കുറിച്ച് ഖുര്‍ആനില്‍( ഹൂദ്:82 ) സൂചനകളുണ്ട് എന്ന് വാദിക്കപ്പെടുന്നു. ഇസ്ലാമികവിശ്വാസമനുസരിച്ച് ഭൂമിയിലെ ഏറ്റവും താഴ്ന്ന സ്ഥലമായി ഈ പ്രദേശം മാറിയതും ഇക്കാരണത്താലാവാം.സമുദ്രനിരപ്പില്‍ നിന്നും 1300 അടി താഴ്ചയിലാണ് ഈ ചാവുകടല്‍ പ്രദേശം സ്ഥിതിചെയ്യുന്നത്. ഇവിടെ നടത്തിയ ശാസ്ത്രീയ ഗവേഷണങ്ങള്‍ ഇവിടെ നിലനിന്നിരുന്ന നാഗരികതയെ കുറിച്ചുളള വിവരങ്ങള്‍ തരുന്നുണ്ട്. ഇവിടെ സൂചിപ്പിച്ച ഭൂമിശാസ്ത്രപരമായ മാറ്റവും അവരില്‍ വര്‍ഷിച്ചു എന്ന് ഖുറാനില്‍ പരാമര്‍ശിക്കുന്ന തീമഴയുടെ അടയാളങ്ങളും അവിടങ്ങളില്‍ നടത്തിയ ഉദ്ഖനന ഗവേഷണങ്ങളിലൂടെ സ്ഥിരീകരിക്കുന്നു.