scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Wednesday, July 3, 2013

ഭാരതപുഴയിലെ അനുഭവം

(ഞാൻ എൻറെ ഒരു അനുഭവം ഇവിടെ നിങ്ങൾക്കു വേണ്ടി പങ്കുവെക്കുന്നു. ഇതിൽ വല്ല തെറ്റ് കുറ്റാങ്ങളോ  ഉണ്ടങ്ങിൽ ക്ഷമിക്കുകയും  നിങ്ങളുടെ വിലയേറിയ നിർദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കണമെന്നും അഭ്യർത്ഥിക്കുന്നു.)


            അന്ന് ഒരു ഒക്ടോബർ  മാസത്തിലെ ഒരു ഞായറാഴ്ച. പതിവ് പോലെ എല്ലാ ഒഴിവു ദിവസങ്ങളിലും ഒത്തുകൂടാറുള്ളതുപോലെ അന്നും ഹാജി ബാവാക്കയുടെ കടയിൽ ഒത്തു ചേർന്നു. സാധാരണ അവിടെ ഇരുന്നാണ് അന്നത്തെ കാര്യപരിപാടികൾ തീരുമാനിക്കുക.
കൊക്കിനെ കെണി വെച്ചു പിടിക്കുക, മീന ചൂണ്ടയിട്ടു പിടിക്കുക, വെള്ളം വറ്റാറായ ചെറിയ കുളങ്ങളിലും തോടുകളിൽ നിന്നും മീൻ പിടിക്കുക എന്നിങ്ങനെ എന്തെങ്കിലും ചെയ്താണ് ദിവസത്തെ തള്ളി നീക്കുക. 


ഇത്ര ഒക്കെ പറഞ്ഞിട്ടും ഞാൻ കൂട്ടുകാരേ പരിചയപെടുത്താൻ  വിട്ടു.
ജലീൽ,  അവനെ 'മുസ്ലിയാർ' എന്നാണ് ഞങ്ങൾ വിളിക്കുക. കാരണം അവന്റേ ഉപ്പ അവനെ എട്ടാം ക്ലാസ്സ് പകുതി കഴിഞ്ഞപ്പോൾ
മുസ്ലിയാർ പഠനത്തിനു വിട്ടു. അവൻ തിരിച്ചു വന്നതിനു ശേഷം അവനെ അങ്ങിനെ വിളിക്കാറ്.
അഷ്‌റഫ്‌ , അവനെ 'തന്ത' എന്നാണ്  വിളിക്കാറ്.  മദ്രസയിൽ പഠിക്കുന്ന കാലത്ത് കമ്മുകുട്ടി മുസ്ലിയാരുടെ സംഭാവനയാണ് അവനു ആ പേര്. 




'ചെള്ളി' എന്നു വിളിക്കുന്ന ഷാഫി. അവനു ആ പേര് എങ്ങനെ വന്നു എന്ന് ഒരു പിടുത്തവും ഇല്ല. ചെറുപ്പം മുതലേ അവനു ആ പേര് ഉണ്ട്.
പിന്നെയുള്ളത് ' മൂചിഔലിയ' എന്ന് അറിയപെടുന്ന അലി. ചിലപ്പോൾ മൂച്ചി എന്നും വിളിക്കും. ' മൂചിക്കുട്ടം' എന്നാണ് അവരുടെ വീട്ടു പേര്. അവനു ചില സമയങ്ങളിൽ ഒരു ഔലിയയുടെ രൂപത്തിലുള്ള ചെറിയ കുസൃതികൾ കാണിക്കുന്നത് കൊണ്ടാണ് അങ്ങനെ വിളിക്കുന്നത് .
പിന്നെ കൂട്ടത്തിൽ ഏറ്റവും ചെറുതും 'പൈതൽ' എന്ന പേരിൽ അറിയപ്പെടുന്ന ഞാൻ ഫൈസൽ.  ഹാജി ബാവാക്ക എന്ന് പറഞ്ഞാൽ ഞങ്ങളുടെ നാട്ടിൻ പ്രദേശത്തെ ഒരു ചെറുകിട പലചരക്കു കച്ചവടം നടത്തിയിരുന്ന ഒരു സാധാരണക്കരനയിരുന്നു. ഞങ്ങളുടെ പ്രദേശത്തെ മിക്ക്യ വീട്ടുകാരും  പലചരക്കു സാധനങ്ങൾ  വാങ്ങികുന്നത് അവിടെ നിന്നാണ്.


    
ഇന്നത്തെ പരിപാടിയുടെ ആശയം മൂച്ചി ഔലിയയിൽ നിന്നുമാണ് ഉണ്ടായതു. നമുക്ക് ഭാരതപ്പുഴയിൽ കക്കൻ പിടിക്കാൻ പോയാലോ എന്ന്. കൂട്ടുകാരെല്ലാം പല അഭിപ്രായം പറഞ്ഞെങ്കിലും അവസാനം  കക്കൻ പിടിക്കാൻ പോകുവാൻ തീരുമാനിച്ചു. ഭാരതപുഴയിൽ കക്കൻ പിടിക്കാൻ പോകാൻ ഉദ്ദേശിക്കുന്ന സ്ഥലത്തേക്ക് ഞങ്ങളുടെ വീട്ടിൽ നിന്നും ഏകദേശം മൂന്ന് കിലൊമീറ്റർ പോകുവാൻ ഉണ്ട്. എങ്ങനെ പൊകുമെന്നായി  അടുത്ത പ്രശ്നം. സൈക്കളിൽ പോകാം എന്ന് തീരുമാനിച്ചു പക്ഷേ രണ്ടു സൈക്കിളും അഞ്ചുപേരും. അവസാനം തൊട്ടടുത്ത വീട്ടിൽ നിന്നും ഒരു സൈക്കിളും കു‌ടി ഒപ്പിച്ചു. അങ്ങിനെ ഓരോരുത്തരും അവർക്ക് വേണ്ട തോർത്ത് മുണ്ടും കക്കൻ ഇടുവാനുള്ള ചാകും റെഡിയാക്കി വീടുകാർ അറിയാതെ കടയുടെ അടുതെത്തി. മുസ്ലിയാരും ചെള്ളിയും കൂടി ഒരു സൈക്കിളും, ഞാനും തന്തയും മറ്റൊരു സൈക്കിളിലും, മൂച്ചി  ഒറ്റയ്ക്ക് ഒരു സൈക്കിളിലും യാത്ര തിരിച്ചു. അങ്ങിനെ ചമ്രവട്ടം കുട്ടിലക്കാട്ടിലെ കടവിൽ സൈക്കിൾ നിറുത്തി അവിടെ ഇറങ്ങുവാൻ തീരുമാനിച്ചു. സൈക്കിൾ പൂട്ടുവാൻ  നോക്കിയപ്പോൾ ഒരു സൈക്കിളിനു പൂട്ട്‌ ഇല്ല.  പുഴയിൽ ഇറങ്ങിപോയാൽ പിന്നെ സൈക്കിൾ ഇരിക്കുന്നിടം കാണാനും കഴിയില്ല. ഭാഗ്യമെന്നു പറയാം ഒരു സൈക്കിളിന്റെ പൂട്ട് ചങ്ങല കൊണ്ടുള്ള പൂട്ട് ആണ്. അതുകൊണ്ട് രണ്ടു സൈക്കിളും പൂട്ടി പുഴയിലേക്കിറങ്ങുവാനുള്ള തെയ്യാറെടുപ്പിലായി.
        
             
      എൻറെ അറിവ് ശരിയാണെങ്കിൽ കേരളത്തിലെ പാലക്കാട്‌ ജില്ലയിൽ നിന്നും തുടങ്ങി മലപ്പുറം ജില്ലയിൽ പുറത്തൂർ  പഞ്ചായത്തിലെ പടിഞ്ഞാരക്കരയുടെയും പോന്നാനിയുടെയും ഇടയിലുടെ അറബികടലിൽ കുട്ടായി ആഴിമുഖത്ത് ചേരുന്ന ഒരു പുഴയാണ് ഭാരതപുഴ. ഒട്ടേറെ സിനിമകളുടെ ഷൂട്ടിങ്ങ് ലൊക്കേഷൻ  കൂടി ആയിട്ടുള്ളതാണ് ഈ പുഴ. വർഷങ്ങളോളം പഴക്കമുള്ള കേരളത്തിൻറെ വടക്കേ അറ്റത്തുനിന്നു തെക്കേ അറ്റത്തേക്ക് വളരെ വലിയ ഒരു ഷോട്ട് കട്ട് യാത്രക്കും ശുദ്ധജല ലഭ്യതകും വളരെ ഉപകാരപ്രദമായ ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജ് പ്രൊജക്റ്റ് ഈ അടുത്തകാലത് നിർമ്മാണം പൂർത്തിയാകിയതും ഈ പുഴയുടെ മുകളിൽ കൂടെയാണ്. ഈ  പുഴയിൽ എപ്പോൾ വെള്ളം കൂടുമെന്നും എപ്പോൾ കുറയുമെന്നും അറിയാൻ പറ്റില്ല. പെട്ടന്നായിരിക്കും അത്  സംഭവിക്കുന്നത്‌. ഒട്ടേറെ മരണങ്ങളും ഉണ്ടായിട്ടുണ്ട് ഇത് കാരണം, വേലിയേറ്റം വേലിയിറക്കം എന്ന് കേട്ടിട്ടില്ലേ ? അത് തന്നെ സംഭവം.
    ഞങ്ങൾ വസ്ത്രങ്ങളെല്ലാം  മാറി പുഴയിലേക്കിറങ്ങി. ഞങ്ങളെ കൂടാതെ വേറെ കുറേപേർ ഇതുപോലെ വന്നിടുണ്ട്. വെള്ളത്തിനടിയിൽ മണലിൽ ആണ് കക്കൻ കാണപെടുന്നത്. ഞങ്ങൾ മണൽ  വാരി കക്കൻ എടുത്തു ചാക്കിലാക്കി മുന്നോട്ടു മുന്നോട്ടു നടക്കുന്നത് ഞങ്ങൾ അറിയുന്നില്ലായിരുന്നു. അങ്ങിനെ ഞങ്ങൾ ഒരു മാടിൽ എത്തി. വെള്ളത്തിൻറെ ഒഴുക്കിൽ മണലുകളും മറ്റും അടിഞ്ഞുകൂടി ഒരു കുന്നുപോലെ നില്ക്കുന്നതിനെയാണ് മാട് എന്ന് പറയുന്നത്. അവിടെ നിറച്ചു ഉണങ്ങിയ പുല്ല് ഉണ്ടായിരുന്നു. 

             നമ്മുടെ ചെള്ളിയുടെ കയ്യിൽ നിന്നും ഒരു അബദ്ധം സംഭവിച്ചു. അവനു ചെറിയ ഒരു ദുസ്വഭാവം ഉണ്ട്. വീട്ടിൽ ആരും കാണാതെ പുകവലി ഉണ്ടായിരുന്നു. അവൻ തീപ്പെട്ടി എടുത്തു ഒരു ബീഡി കത്തിച്ചു വലിച്ചു. വലിച്ച കുറ്റി അവിടെ ഇട്ടു. കുറ്റിയിൽ നിന്നും ഉണക്കപുല്ലിനു തീ പിടിച്ചു. പെട്ടന്നു തീ ആളിപ്പടർന്നു . ഞങ്ങൾ എല്ലാവരും പേടിച്ചു അവിടെ നിന്ന് ഓടി വെള്ളതിൽ ചാടി, തൊട്ടടുത്ത മാടിൽ കയറി. പേടിച്ചു ഓടിപോന്നതിനാൽ  ഞങ്ങൾക്കു വഴിയെല്ലാം തെറ്റി. അപ്പോയെക്കും നേരം വളരെ വൈകിയിരുന്നു. ഞങ്ങളെ പോലെ കക്കൻ പെറുക്കാൻ വന്നവരെല്ലാം പോയികഴിഞ്ഞിരുന്നു.

     ഇതിനിടക്ക്‌ പുഴയിൽ വെള്ളം കൂടിയിരുന്നു , അത് ഞങ്ങൾ അറിഞ്ഞില്ല. നേരം  വൈകിയ കാരണം കക്കൻ പിടുത്തം നിർത്തി തിരിച്ചു പോരാൻ തീരുമാനിച്ചു. അങ്ങിനെ തിരുച്ചു വെള്ളത്തിലൂടെ നടന്നു. കൂട്ടത്തിൽ ചെറിയ ആൾ ഞാൻ ആണ്. മുന്നോട്ടു പോകും തോറും  വെള്ളം മുട്ടുവരെ എത്തി അരവെരേ എത്തി  കഴുത്തുവരെ  ആയി. എനിക്കാണെങ്കിൽ നീന്തലിൽ വലിയ പ്രാക്ടീസ് ഇല്ല. ഇനിയും പകുതിയോള്ളം കടക്കുവാൻ ബാക്കിയുണ്ട്. പുഴയിൽ നല്ല ഒഴുക്കുമുണ്ട്. കക്കൻ നിറച്ച ചാക്കും പുഴയിൽ  കൂടെ നീന്തുവാനും എനിക്ക് പറ്റുന്നില്ല .   എന്നെ പോലെ തന്നെയാണ് തന്തയുടെ കാര്യവും. പക്ഷേ  അവനു നീന്തുവാൻ അറിയാമെങ്കിലും ഒഴുക്കിൽ നിയന്ത്രണം കിട്ടുന്നില്ല. അവസാനം ഞങ്ങൾ കുറച്ചു പിറകിലോട്ടു വന്നു മുസ്ലിയാരുടെ കയ്യിൽ മൂന്ന് ചാക്ക് കൂട്ടികെട്ടി വെള്ളത്തിലൂടെ വലിച്ചു അക്കര എത്തിച്ചു. ചെള്ളിയും തന്തയും കൂടി ഒരുമിച്ചും ഞാനും മൂചിയും കൂടി ഒരുമിച്ചും നീന്തുവാൻ തീരുമാനിച്ചു. പകുതി കഴിഞ്ഞപ്പോൾ മൂച്ചിയുടെ പിടുത്തത്തിൽ നിന്നും  എൻറെ പിടിവിട്ടു. ഞാൻ ഒഴുകിൽ പെട്ടു. എന്നെ രക്ഷിക്കാൻ അവർ മൂവരും കൂടി കൂറെ പരിശ്രമിച്ചു. പക്ഷേ അവർക്കു കിട്ടിയില്ല. ഇതിനിടയിൽ മുസ്ലിയാർ  ഓടി കുറച്ചു മുന്നിലേക്ക്‌ ചാടി തപ്പി പിടിച്ചപ്പോൾ എൻറെ ബനിയനിൽ പിടികിട്ടി. അത് വലിച്ചു അവൻ എന്നെ കരകയറ്റി. അപ്പോഴേക്കും  തന്തയെ കാണാൻ ഇല്ലായിരുന്നു . കുറച്ചകലെ അവൻ  മുങ്ങിപോങ്ങുന്നത് കണ്ടു
മുസ്ലിയാർ വീണ്ടും ചാടി ഒരു വിധത്തിൽ അവനെയും കരക്ക്‌ കയറ്റി. ഇത്ര ഒക്കേ ആയപ്പോയേക്കും മറ്റുള്ള രണ്ടുപേരും ക്ഷീണിച്ചിരുന്നു. അവസാനം ഒരു വിധം  എല്ലാവരും രക്ഷപെട്ടു. 
അതിനു ശേഷം ഭാരതപുഴയിൽ അല്ല ഒരു പുഴയിലും ഇറങ്ങുവാൻ എനിക്കുപേടിയാണ് . 
ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാൽ ഭയക്കുന്ന പോലെ .

        
               
  
സഹായത്തിനു കടപ്പാട്: തരികിട(www.muneeronline.com)
         

No comments:

Post a Comment