scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Saturday, July 13, 2013

പപ്പായയേ വെറുതെ കളയല്ലേ



കർമൂസിക്കായ, കപ്ലങ്ങ, കപ്ലക്കായ, ഓമക്ക എന്നീ വിവിധ പേരുകളിലും "കരിക്കം പപ്പായലിൻ"  എന്ന ശാസ്ത്ര നാമത്തിലും അറിയപ്പെടുന്ന നമ്മുടെ വീട്ടുവളപ്പിൽ സുലഭമായി കാണുന്ന ഒന്നായ പപ്പായുടെ പോഷകമേന്മയേ കുറിച്ച് ഇന്നും നാം ശരിക്കും മനസിലാക്കിയിട്ടില്ല എന്നുവേണം പറയാൻ. "കാരിക്കേസി" എന്ന സസ്യകുലത്തിൽ അംഗമായ പപ്പായയെ ഇംഗ്ലീഷ് ഭാഷയിലും പപ്പായ എന്നുതന്നെയാണ് അറിയപ്പെടുന്നത്. "ഗതികെട്ടാ പുലി പുല്ലും തിന്നും" എന്ന രീതിയിൽ കറിവെക്കാൻ വീട്ടിൽ ഒന്നും കിട്ടിയില്ലങ്കിൽ മിക്ക വീട്ടമ്മമാരുടെയും അവസാലത്തെ ആശ്രയമാണ് പപ്പായ. എന്നാൽ പച്ച പപ്പായ സ്ഥിരമായി കറികളിൽ  ഉൾപ്പെടുത്തണമെന്നാണ് ഗവേഷകരുടെ ശുപാശ. 



 ദഹന പ്രകൃയയെ സഹായിക്കുന്ന ഏറ്റവും നല്ല സസ്യാഹാരമാണ് പപ്പായ. ആമാശയത്തിലെത്തിയ ഭക്ഷണ പദാർഥങ്ങളിലെ അസിഡിറ്റി നിയന്ത്രിക്കാനും പോഷകഗുണങ്ങൾ പ്രധാനം ചെയ്യുന്ന അമിനോ ആസിഡുകൾ രൂപപ്പെടുത്തുവാനും പപ്പായ സ്ഥിരമായി കഴിക്കുന്നത് ഉപകരിക്കും. പപ്പായയുടെ കറയിൽ അടങ്ങിയിരിക്കുന്ന "പപ്പയിൻ"  എന്ന രാസാഗ്നിയാണ് ഇതൊക്കെ ചെയ്യുന്നത്. ചർമ്മത്തിൻറെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ആവശ്യമായ ജീവകം 'എ' പപ്പായയിൽ സമൃദ്ധമായതോതിൽ  അടങ്ങിയിരിക്കുന്നു. അതുപൊലേ ജിവകം 'സി' യുടെയും ഒരു കലവറയാണ് പപ്പായ. ഏത്തക്കായയിൽ ഉള്ളതിൻറെ പന്ത്രണ്ട് ഇരട്ടിയും ഓറഞ്ചിൻറെ ഏഴു ഇരട്ടിയും കാത്സ്യം   അടങ്ങിയിരിക്കുന്നതിനാൽ  എല്ലിൻറെയും പല്ലിൻറെയും ആരോഗ്യത്തിനു പപ്പായ നല്ലതാണ്. പപ്പായ സ്ഥിരമായി കഴിക്കുന്നവർക്ക് പല്ലുവേദന അപൂർവ്വമാണ്. 

പഴുത്ത പപ്പായയുടെ മാംസളഭാഗം ദിവസേന മുഖത്തു തേച്ച് ഉണങ്ങുമ്പോൾ കഴുകി കളയുകയാണെങ്കിൽ മുഖശോഭ വർദ്ധിക്കും. മൂലക്കുരു രോഗികളിൽ കാണപ്പെടുന്ന മലബന്ധത്തിനു ഉത്തമ ഔഷധമാണ് പപ്പായ. ആർത്തവ ക്രമമില്ലാത്ത സ്ത്രീകൾ  പച്ച പപ്പായ തുടർച്ചയായി ഒരാഴ്ചയോളം കഴിക്കുന്ന ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ  ആർത്തവം ക്രമത്തിലാവും. പച്ച പപ്പായ കഴിക്കുമ്പോൾ തുടക്കമുള്ള ഗർഭം അലസുന്നതിനും ചിലപ്പോൾ  സാധ്യത ഉണ്ട്. പപ്പായക്കുരു അരച്ച്  ലേപനം ചെയ്താൽ  പുഴുക്കടി ശമിക്കും. വിരകളെ അകറ്റാൻ ഈ കുരു തേനിൽ ചേർത്ത് കഴിച്ചാൽ  മതി. പപ്പായക്ക്  ഔഷധഗുണം മാത്രമല്ല പോഷക ഗുണം കൂടി ഉള്ളതാണ്. 

പപ്പായയിൽ  നിന്നെടുക്കുന്ന "പപ്പയിൻ"  ഇന്ന് രാജ്യാന്തര വിപണിയിൽ  വളരെ വിലമതിക്കുന്ന ഒരു ഔഷധമാണ്. ദഹനക്കേടിന് ഏറ്റവും നല്ല മരുന്നാണ് പപ്പയിൻ. ആമാശയരോഗങ്ങൾക്കുള്ള മരുന്നായും ആന്തരികാവയവങ്ങളുടെ ശരിയായ പ്രവർത്തനത്തിനും ഇത് സഹായിക്കുന്നു. അർശസ്സ്, കരൾ രോഗം എന്നീ അസുഖങ്ങൾ തടയാൻ  പപ്പയിനു കഴിവുണ്ട്. 

"ഇനിയെങ്കിലും ഈ പോഷകക്കനിക്ക് അതർഹിക്കുന്ന സ്ഥാനം നക്കാൻ  നാം മടിക്കരുത്"

Friday, July 12, 2013

കരിഞ്ചീരകവും പ്രവാചക വൈദ്യവും


അബൂഹുറൈറ (റ) യില്‍ നിന്നും നിവേദനം ചെയ്ത ഒരു ഹദീസില്‍ കാണാം. പ്രവാചകന്‍ പറഞ്ഞു: കരിഞ്ചീരകം നിങ്ങള്‍ നിര്‍ബന്ധമാക്കുക. അതില്‍ മരണമൊഴികെ എല്ലാ രോഗങ്ങള്‍ക്കുമുള്ള ശമനമുണ്ട് (തുര്‍മുദി).
അനവധി ഫലങ്ങളും ഔഷധ മൂല്യങ്ങളുമടങ്ങിയതാണ് കരിഞ്ചീരകം. ഫോസ്‌ഫേറ്റ്, അയേണ്‍ (ഇരുമ്പ്), ഫോസ്ഫറസ്, കാര്‍ബണ്‍ ഹേഡ്രേറ്റ് തുടങ്ങിയവ അതില്‍ അടങ്ങിയിരിക്കുന്നു. അതിന്റെ ഇരുപത്തിയെട്ട് ശതമാനത്തോളം ഏറെ ഉപകാരപ്രദമായ എണ്ണയാണ്. 

കൂടാതെ, വൈറസിനെയും മറ്റു സൂക്ഷ്മാണുക്കളെയും നഷിപ്പിക്കുന്ന ജൈവപ്രതിരോധ ഘടകങ്ങള്‍, കാന്‍സറിനെ പ്രതിരോധിക്കുന്ന കരോട്ടിന്‍, ശക്തവും ഉന്മേഷ ദായകവുമായ ജനിതക ഹോര്‍മോണുകള്‍, മൂത്രത്തെയും പിത്തത്തെയും ഇളക്കിവിടുന്ന ഡ്യൂററ്റിക്, ദഹനത്തെ സഹായിക്കുന്ന എന്‍സൈമുകള്‍, അമ്ലപ്രതിരോധങ്ങള്‍ തുടങ്ങിയവയും അതില്‍ അടങ്ങിയിരിക്കുന്നു (മുഅ്ജിസാത്തുശ്ശിഫാഅ്: 14).

അനവധി രോഗങ്ങള്‍ക്കുള്ള മരുന്നാണ് കരിഞ്ചീരകം. ഉഷ്ണവീര്യമുള്ളതാണെന്നതുകൊണ്ടുതന്നെ  ശൈത്യരോഗങ്ങളെ അത് ഇല്ലാതാക്കുന്നു. നീരും മറ്റും കാരണമായുണ്ടാകുന്ന നെഞ്ചു വേദനക്കും അത് ശമനമാണ്.

കരിഞ്ചീരകവുമായി ബന്ധപ്പെട്ട പ്രവാചക നിര്‍ദ്ദേശങ്ങള്‍ അടിസ്ഥാനപ്പെടുത്തി സ്വഹാബികള്‍ ചികിത്സ നടത്തുകയും ഫലം കാണുകയും ചെയ്തിരുന്നു. ഖതാദ (റ) പറയുന്നു:
”ഓരോ ദിവസവും ഇരുപത്തിയൊന്ന് കരിഞ്ചീരകമെടുത്ത് ശീലക്കഷ്ണത്തില്‍ പൊതിര്‍ത്തുക. ശേഷം, എല്ലാ ദിവസവും അതുപയോഗിച്ച് നസ്യം ചെയ്യുക (മൂക്കിലുറ്റിക്കുക). വലത്തെ മൂക്കില്‍ രണ്ടു തുള്ളിയും ഇടത്തെ മൂക്കില്‍ ഒരു തുള്ളിയും ഉറ്റിക്കുക. രണ്ടാം ദിവസം ഇടത്തേതില്‍ രണ്ട് തുള്ളിയും വലത്തെതില്‍ ഒരു തുള്ളിയും ഉറ്റിക്കുക. മൂന്നാം ദിവസം വലത്തെതില്‍ രണ്ടു തുള്ളിയും ഇടത്തെതില്‍ ഒരു തുള്ളിയും ഉറ്റിക്കുക (തുര്‍മുദി). ഇത് ഏറെ പല രോഗങ്ങള്‍ക്കും ശമനമാണ്.
ഇസ്‌ലാമിക വൈദ്യശാസ്ത്ര പണ്ഡിതന്മാര്‍ കരിഞ്ചീരകം അനവധി രോഗങ്ങള്‍ക്ക് മരുന്ന് നിര്‍ദ്ദേശിച്ചിരുന്നതായി നമുക്ക് കാണാന്‍ കഴിയും. അവയെടുത്തു പരിശോധിച്ചാല്‍ പ്രവാചക പ്രസ്താവങ്ങളുടെ പ്രസക്തി മനസ്സിലാക്കാവുന്നതാണ്. അബൂ ഫിദാഅ് മുഹമ്മദ് ഇസ്സത്ത് മുഹമ്മദ് ആരിഫ് എഴുതിയ മുഅ്ജിസാത്തുശ്ശിഫാഅ് എന്ന ഗ്രന്ഥത്തില്‍ ഇതിന് അനവധി ഉദാഹരണങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ട്.

മുടികൊഴിച്ചില്‍
കരിഞ്ചീരകപ്പൊടി കാട്ടുആശാളിയുടെ നീരില്‍ ഒരു ടീസ്പൂണ്‍ സുര്‍ക്കയും ഒരു കപ്പ് സൈതൂണ്‍ എണ്ണയും കൂട്ടിക്കുഴക്കുക. ദിവസേന വൈകുന്നേരങ്ങളില്‍ തലയില്‍ തേച്ച ശേഷം ചുടുവെള്ളവും സോപ്പും ഉപയോഗിച്ച് കഴുകി ശുദ്ധിയാക്കുക. മുടി കൊഴിച്ചിലിന് ശമനമുണ്ടാകും.

തലവേദന
അല്‍പം കരിഞ്ചീരകപ്പൊടിയും അതിന്റെ പകുതി ഗ്രാമ്പൂവിന്റെയും ചോലട (ഒരു തരം ചെറിയ പെരിഞ്ചീരകം) യുടെയും നന്നായി പൊടിച്ച പൊടികള്‍ സമമായി കൂട്ടിച്ചേര്‍ത്ത് തലവേദനയുണ്ടാകുമ്പോള്‍ ഒരു ടീസ്പൂണ്‍ വെണ്ണയെടുക്കാത്ത പാലില്‍ സേവിക്കുക. കൂടാതെ കരിഞ്ചീരക എണ്ണ തലവദനയുള്ളയിടത്ത് തേച്ച് ഉഴിയുക.

ഉറക്കമില്ലായ്മ
ഒരു സ്പൂണ്‍ കരിഞ്ചീരകം തേന്‍കൊണ്ട് മധുരിപ്പിച്ച ഒരു കപ്പ് ചുടുപാലില്‍ ചാലിച്ച് കുടിക്കുക.

പേനും ഈരും
കരിഞ്ചീരകം നന്നായി പൊടിച്ച് സുര്‍ക്ക ചേര്‍ത്താല്‍ കുഴമ്പായി വരും. മുടി കളഞ്ഞ് പുരട്ടുകയോ കളയാതെ മുടിയുടെ അടിഭാഗത്ത് പുരട്ടുകയോ ചെയ്ത് പതിനഞ്ചു മിനുട്ട് വെയില്‍ കായുക. അഞ്ചു മണിക്കൂറിനു ശേഷമേ കുളിക്കാവൂ. ഇപ്രകാരം ഒരാഴ്ച തുടരുക.

തലചുറ്റലും ചെവിവേദനയും
കരിഞ്ചീരകമെണ്ണ പാനീയമായി ഉപയോഗിക്കുന്നതോടൊപ്പം ഒരു തുള്ളി ചെവിയില്‍ പുരട്ടുന്നത് ചെവിയെ ശുദ്ധീകരിക്കാനും വൃത്തിയാക്കാനും ഉതകുന്നതാണ്. അതോടൊപ്പം ചെന്നിയിലും തലയുടെ പിന്‍ഭാഗത്തും എണ്ണ തേക്കുക. തലകറക്കം മാറും.

ചുണങ്ങും കഷണ്ടിയും
ഒരു സ്പൂണ്‍ നന്നായി പൊടിച്ച കരിഞ്ചീരകവും ഒരു കപ്പ് നേര്‍പ്പിച്ച സൂര്‍ക്കയും ഒരു ടീസ്പൂണ്‍ വെളുത്തുള്ളി നീരും കൂട്ടിച്ചേര്‍ത്ത് ലേപനമാക്കി രോഗബാധിത സ്ഥലത്തുള്ള കുറഞ്ഞ മുടികള്‍ കളഞ്ഞ് ചെറുതായി ചുരണ്ടി പുരട്ടുക. വാവിലെ മുതല്‍ വൈകുന്നേരം വരെ അതേ രൂപത്തില്‍ നിര്‍ത്തുക. ശേഷം, കരിഞ്ചീരക എണ്ണ ഉപയോഗിക്കുക. ഇത് ഒരാഴ്ച ആവര്‍ത്തിക്കുക.

പുഴുക്കടി
പുഴുക്കടിയുള്ള ഭാഗത്ത് ദിവസേന മൂന്നു പ്രാവശ്യം കരിഞ്ചീരകം എണ്ണ പുരട്ടുക.

പല്ലു രോഗങ്ങള്‍, തൊണ്ടവേദന
കരിഞ്ചീരകം പൊടിക്കാതെ ഒരു ടീസ്പൂണ്‍ ദിനേന വെറും വയറ്റില്‍ കുടിക്കുകയും കരിഞ്ചീരക കഷായം കൊണ്ട് വായ കൊപ്ലിക്കുകയും ചെയ്യുന്നത് വായ, തൊണ്ട രോഗങ്ങള്‍ക്ക് അങ്ങേയറ്റം ഫലപ്രദമാണ്. അതോടൊപ്പം തൊണ്ടയില്‍ കരിഞ്ചീരകമെണ്ണ പുരട്ടുകയും മോണയില്‍ മധുരം തേക്കുകയും ചെയ്യുക.

എല്ലാവിധ ചര്‍മ രോഗങ്ങള്‍ക്കും
കരിഞ്ചീരകമെണ്ണയും പനിനീരെണ്ണയും സമമായിച്ചേര്‍ത്ത് അവയുടെ ഇരട്ടി നാടന്‍ ഗോതമ്പ് പൊടി എണ്ണയില്‍ നന്നായി കുഴക്കുക. ഇത് പുരട്ടുന്നതിനു മുമ്പായി നേര്‍പിച്ച സുര്‍ക്കയില്‍ നനച്ച പഞ്ഞികൊണ്ട് രോഗബാധിത സ്ഥലം തുടച്ച് വെയില്‍ കൊള്ളിക്കുക. ഇന്ദ്രിയോത്തേജികളായ മത്സ്യം, മുട്ട, മാങ്ങ തുടങ്ങിയവയില്‍ നിന്ന് പഥ്യം പാലിച്ചുകൊണ്ട് ദിനേന പുരട്ടുക.

പാലുണ്ണി, അരിമ്പാറ
കരിഞ്ചീരകപ്പൊടി കട്ടി സുര്‍ക്കയില്‍ ചാലിച്ച് രാവിലെയും വൈകുന്നേരവും രോമവസ്ത്രമോ നാരുവസ്ത്രമോ കൊണ്ട് ഉപയോഗിച്ച് ഉരസുക.

മുഖ കാന്തിക്ക്
കരിഞ്ചീരകപ്പൊടി സൈത്തൂണ്‍ എണ്ണയില്‍ ചാലിച്ച് മുഖത്ത് പുരട്ടി പകല്‍ ഏതെങ്കിലും സമയത്ത് വെയില്‍ കൊള്ളുക.

മുറിവുകള്‍ മാറുന്നതിന്
പയറും ചുവന്നുള്ളിയും പുഴുങ്ങിയ മുട്ടയും ചേര്‍ത്തുണ്ടാക്കിയ സൂപ്പില്‍ ഒരു കരണ്ടി കരിഞ്ചീരകപ്പൊടി ചേര്‍ക്കുക. ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും അത് ഉപയോഗിച്ച് കെട്ടുക. ബാന്റേജ് ഇടുകയും മുറിവിന്റെ പരിസര ഭാഗങ്ങള്‍ കരിഞ്ചീരകമെണ്ണ പുരട്ടുകയും ചെയ്യുക. ബാന്റേജഴിയ്യ ശേഷം ദിനേന ചൂടുള്ള കരിഞ്ചീരകമെണ്ണ തേക്കുക.

വാതരോഗം
കരിഞ്ചീരകമെണ്ണ തിളപ്പിച്ച് വാതബാധയേറ്റ ഭാഗം എല്ലുരക്കുന്നതുപോലെ ശക്തമായി ഉരക്കുക. ഉറങ്ങുന്നതിനു മുമ്പ് അല്‍പം തേല്‍ കൊണ്ട് മധുരിപ്പിച്ച് നന്നായി തിളപ്പിച്ച ശേഷം എണ്ണ കുടിക്കുക.

രക്തസമ്മര്‍ദ്ധം ഉയര്‍ത്താന്‍
ചൂടുപാനീയങ്ങള്‍ കുടിക്കുമ്പോഴെല്ലാം അതില്‍ കരിഞ്ചീരകമെണ്ണ ഉറ്റിക്കുക. ഈ എണ്ണ ആഴ്ചയിലൊരിക്കല്‍ ദേഹമാസകലം പുരട്ടി വെയില്‍ കൊള്ളുന്നത് സര്‍വ്വ വിധ ആരോഗ്യ പുഷ്ടിക്കും ഏറെ ഉചിതമാണ്.

വൃക്കാവീക്കം
സൈത്തൂന്‍ എണ്ണയില്‍ കരിഞ്ചീരകപ്പൊടിയുടെ വറുകുഴമ്പ് കുഴച്ചുണ്ടാക്കി വൃക്ക വേദനിക്കുന്ന ഭാഗത്ത് പുരട്ടുക. അതോടൊപ്പം ദിനേന ഒരാഴ്ചയോളം ഒരു ടീസ്പൂണ്‍ കരിഞ്ചീരകം വെറും വയറ്റില്‍ കയിക്കുക.

മലബന്ധം
ഒരു കപ്പ് കരിഞ്ചീരകം പൊടിച്ച് ഒരു കപ്പ് തേനില്‍ കുഴക്കുക. മൂന്നു വെളുത്തുള്ളി അതിനോടു ചേര്‍ക്കുക. അതിന്റെ മൂന്നിലൊരു ഭാഗം ദിനേന സേവിക്കുക. അതിനു ശേഷം ഒരു ചെറുനാരങ്ങ തൊലിയോടെ ഭക്ഷിക്കുന്നത് വളരെ ഉചിതമായിരിക്കും. കാരണം അത് വയറിനെ ശുദ്ധമാക്കുകയും രോഗാണുക്കളെ ഉന്‍മൂലനം ചെയ്യുകയും ചെയ്യുന്നു.

മൂത്രതടസ്സം
ഉറങ്ങുന്നതിനു മുമ്പായി ദിവസേന ഗുഹ്യരോമസ്ഥാനത്ത് കരിഞ്ചീരകമെണ്ണ തേക്കുകയും ശേഷം ഒരു കപ്പ് കരിഞ്ചീരകമെണ്ണ തേനിനാല്‍ മധുരിപ്പിച്ച് കുടിക്കുകയും ചെയ്യുക.

അറിയാതെ മൂത്രം പോവല്‍
കോഴിമുട്ട തോട് വറുത്ത് പൊടിച്ച് കരിഞ്ചീരകവുമായി ചേര്‍ത്ത് ഒരു ടീസ്പൂണ്‍ ഒരു കപ്പ് പാലിനോടൊപ്പം ഒരാഴ്ച കഴിക്കുക.

കരള്‍വീക്കം
ഒരു ടീസ്പൂണ്‍ കരിഞ്ചീരകപ്പൊടി കാല്‍ ടീസ്പൂണ്‍ കറ്റു വായ നീരോടുകൂടെ തേനില്‍ കുഴച്ച് ദിനേന വെറും വയറ്റില്‍ രണ്ടു മാസം കഴിക്കുക.
പിത്താശയ രോഗം, മുഖം ചുവക്കല്‍
കാല്‍ ടീസ്പൂണ്‍ ചീരപ്പൊടിയോടൊപ്പം ഒരു ടീസ്പൂണ്‍ കരിഞ്ചീരകവും ഒരു കപ്പ് തേനും കലര്‍ത്തി ജാം രൂപത്തിലാക്കി രാവിലെയും വൈകുന്നേരവും കഴിക്കുക. മുഖം ചുകപ്പു വര്‍ണമാകും. പിത്താശയ രോഗത്തിന്റെ മുഴുവന്‍ സങ്കോചങ്ങളും ഇല്ലാതാകുന്നതുവരെ ദിനേന ആവര്‍ത്തിക്കുക.

പ്ലീഹ രോഗം
തിളപ്പിച്ച സൈത്തൂണ്‍ എണ്ണയില്‍ കുഴച്ച കരിഞ്ചീരകം വറുത്ത് വൈകുന്നേര സമയം വാരിയെല്ലുകള്‍ക്കു താഴെ തേക്കുക. അതോടൊപ്പം ഉലുവ കഷായം തേനില്‍ മധുരിപ്പിച്ചത് ഒരു കപ്പ് കുടിക്കുക. രണ്ടാഴ്ച സേവിക്കുന്നതിലൂടെ രോഗശമനം സാധ്യമാകുന്നതാണ്.

രക്ത ചംക്രമണം
രക്ത ചംക്രമണം, ഹൃദയ സുരക്ഷ ഇവ രണ്ടിനുമായി ഭക്ഷണമായും പാനീയമായും കരിഞ്ചീരകത്തിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കുക.

വയറിളക്കം
കാട്ടാശാളിയുടെ നീര് ഒരു കരണ്ടി കരിഞ്ചീരകപ്പൊടിയുമായി ചേര്‍ത്ത് ഒരു കപ്പ് വീതം മൂന്നു തവണ കഴിക്കുക. അടുത്ത ദിവസം ശമനം കിട്ടും. സുഖപ്പെട്ടാല്‍ മരുന്ന് ഉപയോഗിക്കാതിരിക്കുക.

ഛര്‍ദ്ദി
കരിഞ്ചീരകവും ഗ്രാമ്പൂവും നന്നായി തിളപ്പിച്ച് മധുരിപ്പിക്കാതെ മൂന്നു തവണ ദിനേന കുടിക്കുക. അധികവും മൂന്നാമതായി ഉപയോഗിക്കേണ്ടി വരില്ല.

കണ്ണിന്റെ അസുഖങ്ങള്‍
കരിഞ്ചീരകമണ്ണ ഉറങ്ങുന്നതിനു മുമ്പായി ചെന്നി ഭാഗത്തും കണ്‍ പോളകളിലും പുരട്ടുകയും ഏതെങ്കിലും ചുടുപാനീയത്തിലോ മുള്ളങ്കി നീരിലോ എണ്ണത്തുള്ളികള്‍ ഉറ്റിച്ച് കുടിക്കുകയും ചെയ്യുക.

ബില്‍ഹാരിസിയ
രക്തത്തില്‍ കടന്നുകൂടുന്ന അണുക്കള്‍ മൂലമുണ്ടാകുന്ന ഒരു തരം രോഗമാണിത്. രാവിലെയും വൈകുന്നേരവും ഒരു ടീസ്പൂണ്‍ കരിഞ്ചീരകം കഴിക്കുക. പത്തിരിക്കഷ്ണമോ പാല്‍ക്കട്ടിയോ സഹായകമായി കഴിക്കാവുന്നതാണ്. ഉറങ്ങുന്നതിനു മുമ്പായി വലതു വശത്ത് കരിഞ്ചീരകമെണ്ണ പുരട്ടുക. ഇപ്രകാരം മൂന്നു മാസക്കാലം തുടരുക.

ഗ്യാസ്
കരിഞ്ചീരകപ്പൊടി വെറും വയറ്റില്‍ കഴിക്കുക. അതിനു പിന്നാലെ കരിമ്പിന്‍ ചാറ് അലിയിച്ച ചൂടുവെള്ളം മൂന്നു ടീസ്പൂണ്‍ കുടിക്കുക. ഒരാഴ്ചയോളം ദിവസേന തുടരുക.

ആസ്തമ
ദിവസേന പ്രഭാതത്തിലും പ്രദോഷത്തിലും കരിഞ്ചീരകമെണ്ണയുടെ ആവി പിടിക്കുകയും അതിനു മുമ്പാടി ഒരു ടീസ്പൂണ്‍ കരിഞ്ചീരകം അതേപടി തിന്നുകയും ചെയ്യുക. അതോടൊപ്പം ഉറങ്ങുന്നതിനു മുമ്പായി  കരിഞ്ചീരകമെണ്ണ നെഞ്ചിലും തൊണ്ടയിലും പുരട്ടുക.

അള്‍സര്‍
പത്തു തുള്ളി കരിഞ്ചീരകമെണ്ണയും ഉണക്കിയ റുമ്മാന്‍ പഴത്തൊലി പൊടിച്ചതും ഒരു കപ്പ് തേനില്‍ ചാലിച്ച് വെറും വയറ്റില്‍ കഴിക്കുക. അതിനു പിന്നാലെ മധുരിപ്പിക്കാത്ത ഒരു കപ്പ് പാല്‍ കുടിക്കുക.

കാന്‍സര്‍
കരിഞ്ചീരകമെണ്ണ ദിനേന മൂന്നു പ്രവാശ്യം പുരട്ടുകയും കരിഞ്ചീരകം പൊടിച്ചത് ഒരു കപ്പ് ശീമമുള്ളങ്കി നീരില്‍ കഴിക്കുകയും ചെയ്യുക. ഇപ്രകാരം മൂന്നു മാസം തുടരുക.

ഭക്ഷണത്തിന് ആഗ്രഹമുണ്ടാവാന്‍
ഭക്ഷണം കഴിക്കുന്നതിന്റെ മിനുട്ടുകള്‍ക്കു മുമ്പ് ഒരു ടീസ്പൂണ്‍ കരിഞ്ചീരകം പൊടിച്ചത് കഴിക്കുക. അതിനു ശേഷം അല്‍പം സുര്‍ക്കത്തുള്ളികള്‍ ഉറ്റിച്ച ഒരു കപ്പ് തണുത്ത വെള്ളം കുടിക്കുക. ഫലം പ്രകടമായേക്കും. ഭക്ഷണത്തോടുള്ള ആര്‍ത്തി വന്നുഭവിക്കുന്നത് സൂക്ഷിക്കേണ്ടതാണ്.

മടിയും ബലഹീനതയും
പത്തുതുള്ളി കരിഞ്ചീരകമെണ്ണ മധുര നാരങ്ങാനീരുമായി കലര്‍ത്തിയത് പത്തു ദിവസം ദിനേന വെറും വയറ്റില്‍ കഴിക്കുക. എന്നാല്‍ ഉന്മേഷവും വിശാലമനസ്സും ഉണ്ടായേക്കും. അതോടൊപ്പം സുബഹിക്കു ശേഷം ഉറക്കം വര്‍ജിക്കുകയും ഇശാഇനു ശേഷം ഉറക്കം പതിവാക്കുകയും അല്ലാഹുവിന് ദിക്‌റ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുക. ഭൗതികോന്മേഷത്തിനും പെട്ടന്ന് മന:പാഠമാകുന്നതിനും വിലാത്തി പൊതീന തിളപ്പിച്ച് തേനില്‍ മധുരിപ്പിച്ച ശേഷം ഏഴു തുള്ളി കരിഞ്ചീരകമെണ്ണ ഉറ്റിച്ച് ചൂടോടെ ഉദ്ദേശിച്ച സമയത്ത് കുടിക്കുക. ചായയുടെയും കാപ്പിയുടെയും പകരം ഇത് പതിവാക്കിയാല്‍ അനിതര സാധാരണമായ ബുദ്ധിശക്തിയും ജ്വലിക്കുന്ന ഗ്രഹണ ശേഷിയും പ്രകടമാകാന്‍ വൈകില്ല

Thursday, July 11, 2013

ഓര്‍മ ശക്തി കൂട്ടാന്‍ പുതിയ വിദ്യ




ഓര്‍മ ശക്തി വര്‍ധിപ്പിക്കാന്‍ മുഷ്ടി ചുരട്ടിയാല്‍ മതിയെന്ന്‌  യു.എസി.ലെ ശാസ്‌ത്രജ്ഞര്‍. ഇക്കാര്യം പരീക്ഷിച്ച്‌ നോക്കി സംശയം തീര്‍ക്കാമെന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌. ഒരു ഫിംഗര്‍ ബോള്‍ ഉപയോഗിച്ച്‌ ഈ വിദ്യ തെളിയിക്കാം. വലതു കൈയില്‍ ബോള്‍ അമര്‍ത്തുന്ന സമയത്ത്‌ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ എളുപ്പമാണ്‌. അതായത്‌ ചെറു ലിസ്‌റ്റുകള്‍ മനസ്സില്‍ പതിപ്പിക്കാന്‍ ഇത്‌ സഹായിക്കും. അതേസമയം, ലിസ്‌റ്റിലെ ഇനങ്ങള്‍ ഓര്‍ത്തെടുക്കുന്ന സമയത്ത്‌ ബോള്‍ ഇടതു കൈയിലാക്കി അമര്‍ത്തുന്നത്‌ സഹായമാവുമെന്നും ഗവേഷകര്‍ പറയുന്നു.വസ്‌തുതകള്‍ ഗ്രഹിക്കുന്നതിനും ഓര്‍ത്തെടുക്കുന്നതിനുമുളള തലച്ചോറിന്റെ ഭാഗങ്ങളെ മുഷ്‌ടിചുരുട്ടല്‍ ഉത്തേജിപ്പിക്കുന്നതാണ്‌ ഇതിനു പിന്നിലെ ശാസ്‌ത്രീയത. 


72 വാക്കുകളുളള ഒരു ഷോപ്പിംഗ്‌ ലിസ്‌റ്റ് നല്‍കിയാണ്‌ ഗവേഷകര്‍ ഓര്‍മശക്‌തി വര്‍ധിപ്പിക്കുന്നത്‌ സംബന്ധിച്ച പരീക്ഷണം നടത്തിയത്‌. പരീക്ഷണത്തില്‍ പങ്കാളികളായ ഒരു വിഭാഗത്തിനെ ലിസ്‌റ്റ് വായിക്കുമ്പോഴും ഓര്‍ക്കുമ്പോഴും ഒരേ കൈയില്‍ ബോള്‍ അമര്‍ത്താന്‍ അനുവദിച്ചു. ബോള്‍ വലതു കൈയിലും ഇടതു കൈയിലും മാറിമാറി അമര്‍ത്താന്‍ മറ്റൊരു വിഭാഗത്തെ അനുവദിച്ചു. അതേസമയം ഒരു വിഭാഗത്തിനെ ബോള്‍ അമര്‍ത്താനേ അനുവദിച്ചില്ല.വായിക്കുമ്പോള്‍ വലതു കൈ ഉപയോഗിച്ചും ഓര്‍ക്കുമ്പോള്‍ ഇടതു കൈ ഉപയോഗിച്ചും ബോള്‍ അമര്‍ത്തിയവരാണ്‌ ലിസ്‌റ്റിലെ കൂടുതല്‍ ഇനങ്ങള്‍ ഓര്‍ത്തെടുത്തത്‌. എന്നാല്‍, ബോള്‍ ഉപയോഗിക്കാതിരുന്നവര്‍ക്ക്‌ പരീക്ഷണത്തില്‍ പങ്കാളികളായ മറ്റെല്ലാ വിഭാഗങ്ങളെക്കാളും കുറവ്‌ ഇനങ്ങള്‍ മാത്രമാണ്‌ ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞത്‌.

Wednesday, July 10, 2013

അര്‍ബുദം ചെറുക്കാനും മാമ്പഴം.

നമ്മുടെ നാട്ടിൽ  സുലഭമായും ഏല്ലാവക്കും വളരെ അധികം പ്രിയങ്കരവുമായ ഒന്നാണെല്ലോ മാമ്പഴം. പലതരത്തിലുള്ള മാമ്പഴങ്ങൾ  ഇന്ന് നമുക്ക് ലഭ്യമാണ്.എന്നാൽ  ഈ മാമ്പഴത്തിന്അര്‍ബുദം ചെറുക്കാന്‍ കഴിവുണ്ടെന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. മാമ്പഴത്തിന്റെ കാമ്പിലടങ്ങിയ പോളിഫെനോള്‍ അര്‍ബുദത്തിനെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു വെന്നാണ് പുതിയ കണ്ടെത്തല്‍.

ചീരാകഞ്ഞി



ഫ്രൂട്ട്സും, ജ്യൂസുമെല്ലാം കഴിച്ച് നോമ്പമുറിക്കുബോൾ  വർക്ഷങ്ങൾക്ക് മുന്നത്തെ ഒരോർമ്മ വന്നു. അന്ന് ഞങ്ങൾ  തറവാട്ടിലായിരുന്നു. ഉപ്പയുടെ സഹോദരനും ഭാര്യയും അവരുടെ ഒരു മകളും പിന്നെ ഉമ്മയും അനിയനും വല്യുമ്മയും (ഉപ്പയുടെ ഉമ്മ) പിന്നെ ഞാനും ഇതായിരുന്നു അന്നു വീട്ടിലുണ്ടായിരുന്നവർ. ഉപ്പയെ അപൂർവ്വമായെ നോമ്പിനു നാട്ടിൽ കിട്ടാറൊള്ളൂ.


നോമ്പു തുറക്കാൻ വല്യുമ്മാക്ക് ചീരാകഞ്ഞി നിർബന്ധമാണ്. ഫ്രൂട്സോ മറ്റൊന്നും ഇല്ലങ്കിലും ചീരാകഞ്ഞി വേണം. അന്നു വീട്ടിനുചുറ്റുമുള്ള മാവുകളിൽ നിറയേ മാങ്ങയുണ്ടാകുമായിരുന്നു. നോമ്പുകാലത്തേക്ക് വേണ്ടി മാങ്ങ പറിച്ച് വലിയ ഭരണിയിൽ  ഉപ്പിലിടുമായിരുന്നു. ഉപ്പിലിടുക എന്നുപറഞ്ഞാൽ മനസ്സിലായില്ലേ? മാങ്ങ പുഴുങ്ങി വലിയ ഭരണിയിൽ  ഉപ്പും വെള്ളവും ചേത്ത് കേടുകൂടാതെ സൂക്ഷിക്കുന്നതാണ്. നോമ്പ് തുറന്നു കഴിഞ്ഞാൽ  ഉടനെ ചിരാക്കഞ്ഞി ഏല്ലാവർക്കും വിളമ്പും. അതിലേക്ക് ഉപ്പിലിട്ടമാങ്ങ അന്നത്തെ മീൻ കറിയിൽ ഉടച്ചുകലക്കിയതും ഹാ...എന്താടേസ്റ്റ്.  ഇന്ന് അതൊന്നും കിട്ടാനുമില്ല. പാവം വല്യുമ്മ മരിച്ചുപോയി. അള്ളാഹു അവരുടെ കബറിടം വിശാലമാക്കി കൊടുക്കെട്ടെ, അവരുടെ ദോഷങ്ങളെ പൊറുത്തു കൊടുക്കുമാറാകട്ടെ, അവരേയും നമ്മേയും ജന്നാത്തുൽ  ഫിദൗസിൽ  ഒരുമിച്ചു കൂട്ടെട്ടേ          ആമീൻ

Tuesday, July 9, 2013

ജീവകങ്ങളാല്‍ സമ്പുഷ്ടമായ മുരിങ്ങയില.




നാട്ടിന്‍ പുറത്തെ മിക്ക വീടുകളിലും ഉള്ള മുരിങ്ങയുടെ ഗുണങ്ങള്‍ നിരവധിയാണ്.മുരിങ്ങാക്കായ പോലെ മുരിങ്ങയിലയും നിരവധി ഗുണങ്ങളാല്‍ സംപുഷ്ടമാണ്.വൈറ്റമിന്‍ എ,സി,ഇരുമ്പ്‌, ഫോസ്ഫറസ്‌ എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ്‌ മുരിങ്ങയില.




  • ഇവയുടെ നീര്‌ രക്തസമ്മര്‍ദം സാധാരണ നിലയിലാക്കാന്‍ നല്ലതാണ്‌.
  •  കുട്ടികള്‍ മുരിങ്ങയില കറിയായോ ഇറുത്തെടുത്ത ഇലയുടെ മുകളില്‍ ചൂടു കഞ്ഞി ഒഴിച്ചു വാട്ടിയോ കഴിക്കുന്നത് ബുദ്ധിശക്തി കൂട്ടുമെന്ന് പഴമക്കാര്‍ കണ്ടെത്തിയിരുന്നു.
  •  ഒരു കപ്പ്‌ മുരിങ്ങയില സൂപ്പില്‍ എണ്‍പതു കപ്പ്‌ പാലിനും 16 കിലോ ആട്ടിറച്ചിക്കും തുല്യമായ വൈറ്റമിന്‍ എയും 20 മാമ്പഴത്തിനും രണ്ടര കിലോ മുന്തിരിങ്ങയ്ക്കും ആറ്‌ ഓറഞ്ചിനും തുല്യമായ വൈറ്റമിന്‍ സിയും അടങ്ങിയിരിക്കുന്നു.
  •  ഇതു കൂടാതെ ഇരുപതു കോഴിമുട്ടയ്ക്കു തുല്യമായ കാല്‍സ്യവും 100ഗ്രാം മാട്ടിറച്ചിക്കും 100 ഗ്രാം കോഴിയിറച്ചിക്കും120ഗ്രാം മല്‍സ്യത്തിനും രണ്ടര കപ്പ്‌ പാലിനും രണ്ടു മുട്ടയ്ക്കും തുല്യമായ ജീവകം ഉണ്ടത്രേ.

Monday, July 8, 2013

മഴക്കാലത്തെ ആഹാരക്രമം.




ചൂടു കാലത്തില്‍ നിന്നും തികച്ചും വിഭിന്നമായ ഒരു ആഹാരക്രമം മഴക്കാലത്ത് പാലിക്കുന്നത് ശരീരത്തിന് നന്നായിരിക്കും.ജലാംശം കുറഞ്ഞതും നന്നായി വേവിച്ചതുമായ ഭക്ഷണമാണ് മഴക്കാലത്ത് ഏറ്റവും നല്ലത്.അരിയും ഗോതമ്പും ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ കൂടുതല്‍ കഴിക്കുന്നത് ശരീരത്തെ സംബന്ധിച്ചിടത്തോളം ഗുണകരമായിരിക്കും. റാഗിയുടേയും മൈദയുടേയും ഉപയോഗം കഴിയുന്നത്ര കുറയ്ക്കണം.


ഔഷധമൂല്യങ്ങള്‍ അടങ്ങിയ ഔഷധ കഞ്ഞി അതിനാല്‍ തന്നെ ഈ സമയത്തെ ഭക്ഷണക്രമങ്ങളില്‍ ഒന്നാണ്.മാംസാഹാരം കഴിക്കുന്നവര്‍ മഴക്കാലത്ത് കൂടുതലായി ആട്ടിന്‍‌മാസം ഉപയോഗിക്കുന്നത് നന്നായിരിക്കും.ദഹനക്കേടുണ്ടാകാതിരിക്കാന്‍ തിപ്പലി, കാട്ടുതിപ്പലി വേര്, കാട്ടുമുളകിന്‍ വേര്, ചുക്ക് എന്നിവ ചേര്‍ത്ത് തിളപ്പിച്ച വെള്ളം കുടിക്കാം. ദിവസേന തേന്‍ കഴിക്കുന്നതും നല്ലതാണ്. മാമ്പഴം, മുന്തിരി, ഈന്തപ്പഴം, വാഴപ്പഴം, കൈതച്ചക്ക, മധുരനാരങ്ങ എന്നീ പഴങ്ങളും ചെറുപയര്‍, മുതിര, ഉഴുന്ന് എന്നീ പയറുവര്‍ഗ്ഗങ്ങളും വെണ്ടയ്ക്ക, വഴുതനങ്ങ, ചേന, ചുരയ്ക്ക, സവാള, ചുവന്നുള്ളി, വെളുത്തുള്ളി, അമരയ്ക്ക, പാവയ്ക്ക, പച്ചപ്പയര്‍, കൊത്തമര, ബീന്‍സ് എന്നീ പച്ചക്കറികളും പാലും പാലുല്‍പ്പന്നങ്ങളും കഴിക്കാം.

പുണ്യങ്ങളുടെ പൂക്കാലം



പുണ്യങ്ങൾ  പൂക്കുന്ന മാസമിതല്ലോ
പൂമുഖ വാതിൽ  മുട്ടുന്നു
പാപങ്ങൾ  വെടിഞ്ഞു തഖ് വയിൽ  മുഴുകി
പാവന മായൊരു മാസത്തിൽ

സൽക്കർമ്മങ്ങളും സ്വതകയും നൽകൂ
സൃഷ്ടാവിൻറെ പ്രീതിക്കായ്‌
സുഖസൗകര്യങ്ങളും അന്നപാനിയങ്ങളും
വർജിക്കൂ നഥാൻ  പ്രീതിക്കായ്‌


ആയിരം മാസത്തേക്കാൾ  പുണ്യമുള്ളൊരു
ലൈലത്തുൽ  ഖദറും വന്നലോ
അള്ളാഹുവിനോടായ് ആരാധിക്കുവിൻ
ആഖിറ ജീവിത രക്ഷക്കായ്


കെ.വി. എഫ്. കാവഞ്ചേരി 

Sunday, July 7, 2013

പുണ്യ മാസമായ റംസാന്‍




ലോക മുസ്ലിം സമൂഹം പുണ്യ മാസമായ റംസാന്‍ മാസത്തില്‍ കൂടി സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. റംസാന്‍ മാസത്തിലെ നിര്‍ബന്ധ നോമ്പ് മതത്തിൻറെ പഞ്ചസ്തംഭങ്ങളില്‍ലെ ഒരു ആരാധന ക്രമമാണ്. എന്നാല്‍ നമസ്‌കാരം, സക്കാത്ത്, ഹജ്ജ്,തുടങ്ങി മറ്റു ആരാധന കര്‍മ്മങ്ങള്‍ പോലെ പ്രത്യക്ഷത്തില്‍ കാണാന്‍ സാധിക്കുന്ന ഒരു ആരാധന കര്‍മ്മമല്ല നോമ്പ്. അതുകൊണ്ടാണ് അല്ലാഹു വിശുദ്ധ ഖുര്‍ആനിലുടെ വിശ്വാസികളോട് ആജ്ഞാപിച്ചത്, നോമ്പ് എനിക്കുള്ളതാണ്, ഞാനാണ് അതിനു പ്രതിഫലം നല്‍കുന്നവനെന്നും. മറ്റു മാസങ്ങളെ അപേക്ഷിച്ച് റംസാന്‍ മാസത്തില്‍ ആരാധന കര്‍മ്മങ്ങള്‍ക്ക് പതിന്മടങ്ങ് പ്രതിഫലം ലഭിക്കുന്നു. പുണ്യങ്ങള്‍ വാരി കൂട്ടാന്‍ വിശ്വാസികള്‍ക്ക് ലഭിക്കുന്ന ഏറ്റവും നല്ല അവസരമാണിത്.


അമേരിക്കൻ ശാസ്ത്രജ്ഞർ നടത്തിയ ഏറ്റവും പുതിയ ഗവേഷണങ്ങൾ പറയുന്നത് ഒരുകൂട്ടം രോഗങ്ങളുടെ ചികിത്സക്ക് നോമ്പ് ഉപകരിക്കുമെന്നാണ്. 'ഫാം ഒക്ടേൽ' എന്ന ഫ്രഞ്ച് വാരികയാണ് വെളിപ്പെടുത്തിയത്. ചില രോഗങ്ങൾക്കുള്ള പ്രതിവിധിയായി നോമ്പിനെ ഉപയോഗിക്കാമെന്ന് അമേരിക്കൻ - ഇറ്റാലിയൻ ശാസ്ത്രജ്ഞരുടെ സംഘം നടത്തിയ പഠനമാണ് വ്യക്തമാക്കിയിട്ടുള്ളത്. മസ്തിഷ്ക്കത്തിലെ രക്തകുഴലുകളെ ബാധിക്കുന്ന അൾഷിമേഴ്സ്, പാർകിൻസൻസ് പോലുള്ള രോഗങ്ങൾക്ക് പ്രതിവിധിയായിട്ടാണ് ഇതിനെ കാണുന്നത്. ഭക്ഷണം കഴിക്കാതിരിക്കുമ്പോൾ  കലോറിയിൽ വരുന്ന കുറവ് തലച്ചോറിൻറെ പ്രവർത്തനങ്ങൾക്ക് സഹായകമാക്കുന്നു എന്ന് 'ബാൾട്ടിമോറിലെ നാഷണൽ  ഇൻസ്റ്റിട്യൂട്ട് ഓഫ് എയ്ജിങ് തലവൻ പ്രഫസർ  മാർക്ക് മാറ്റസണ്‍ പറയുന്നു.

തുടച്ചയായി നോമ്പ് എടുക്കുകയും പച്ചക്കറികൾ കൂടതലായി ഭക്ഷണത്തിൽ  ക്രമീകരിക്കുകയും ചെയ്താൽ ആർത്രെറ്റീസ് രോഗികൾക്ക് അതിൻറെ ഫലമായി വേദന കുറക്കാൻ കഴിയുമെന്നും പഠനങ്ങൾ  പറയുന്നു. അപ്രകാരം തന്നെ ഹൃദ്രോഗികൾക്കും ഉയന്ന രക്ത സമ്മദമുള്ളവർക്കും നോമ്പ് നല്ല ഫലമാണ് ഉണ്ടാക്കുന്നത്. എല്ലാമാസവും ഒരുദിവസം നോമ്പ് എടുക്കുന്നത് പ്രമേഹ രാഗത്തിൻറെ പ്രയാസങ്ങൾ ലഘൂകരിക്കുമെന്നും സൂചിപ്പിക്കുന്നു. അത് പോലെ കൊളസ്ട്രോളിനെ ശരീരം ഗ്ലൂക്കോസിനു പകരമായി ഉപയോഗിക്കുകയും അത് മുഖേന ശരീരത്തിലെ കൊഴുപ്പിൻറെ അളവ് കുറയുകയും ചെയ്യുന്നത് ചില അവയവങ്ങൾക്ക് ബാധിക്കുന്ന കാസറിനെ ചെറുക്കുന്നു.


നോമ്പ് കൊണ്ട് മാനവ സമൂഹത്തിനു ഒരുപാട് ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്. ശാരീരികമായും,മാനസികമായും നിരവധി പരിവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നു.
മനുഷ്യ ശരീരത്തിലെ നിരന്തരം ചലിക്കുന്ന ഭാഗങ്ങളായ ആമാശയം, കരള്‍, കിഡ്‌നി തുടങ്ങിയ അവയവങ്ങള്‍ക്ക് വിശ്രമം നല്‍കുന്നതിനുള്ള അവസരം കൂടിയാണ് നോമ്പ്. ഉദാഹരണത്തിന് നാം മറ്റു പതിനൊന്നു മാസങ്ങളിലും മൂന്ന് നേരമോ അതിലധികമോ നേരം ഭക്ഷണം കഴിക്കുമ്പോള്‍ നമ്മുടെ ശരീരത്തിലെ ആമാശയത്തിനു വിശ്രമമില്ലാത്ത ജോലിയാണ് ഉണ്ടാവുന്നത്,അതുപോലെ ശരീരത്തിലെ മറ്റു അവയവങ്ങങ്ങള്‍ക്കും വിശ്രമമില്ലാത്ത ജോലിയുണ്ടാവുന്നു.അതിനു വിശ്രമം നല്‍കപ്പെടുന്നു.

 പ്രവാചകന്‍ മുഹമ്മദ് മുസ്തഫ ( സ:അ ) മാനവ സമൂഹത്തോട് അരുളി, ഒരു നേരം ഭക്ഷണം കഴിക്കുന്നവന്‍ യോഗി,രണ്ടു നേരം ഭക്ഷണം കഴിക്കുന്നവന്‍ ത്യാഗി,മൂന്ന് നേരം ഭക്ഷണം കഴിക്കുന്നവന്‍ ഭോഗി,നാലും അതിലധികവും നേരം ഭക്ഷണം കഴിക്കുന്നവന്‍ രോഗിയെന്ന്.ആധുനിക വൈദ്യ ശാസ്ത്രം ഈ വിശേഷണം കണ്ടെത്തുന്നത് ഇന്നാണെങ്കില്‍ ആയിരത്തി നാന്നൂര്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് വൈദ്യ ശാസ്ത്രം നിലവിലില്ലാത്ത കാലത്ത് ഈ മഹാ അധ്യാപനം മാനവ സമൂഹത്തോട് നടത്തിയ പ്രവാചക ചര്യ നാം മുറുകെ പിടിക്കണം.