scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Tuesday, February 11, 2014

പൈല്‍സ് രോഗവും ഭക്ഷണക്രമവും



പൈല്‍സ് ഉള്‍പ്പെടെയുള്ള മൂലവ്യാധികള്‍ക്ക് ഭക്ഷണക്രമീകരണം അത്യന്താപേക്ഷി തമാണ്.പൈല്‍സ് രോഗത്തിനു വഴിവയ്ക്കുന്നതും അതു രൂക്ഷമാക്കുന്നതും മലബന്ധം എന്ന പ്രശ്നമാണ്. മലബന്ധം വരാതിരിക്കാനും ഉള്ളവരില്‍ അതു ശമിപ്പിക്കാനും ഏറ്റവും പ്രായോഗികമായ മാര്‍ഗം നാരു കൂടുതലുള്ള ഭക്ഷണം കഴിക്കുകയെന്നതാണ്.  

നാരുകള്‍ (ഫൈബര്‍ )കൂടുതല്‍ അടങ്ങിയതും മസാലകള്‍ കുറഞ്ഞതും ആവശ്യത്തിനുവെള്ളം അടങ്ങിയതുമായിരിക്കണം ഭക്ഷണം. തവിടുകളയാത്ത ധാന്യങ്ങളും പയറുവര്‍ഗങ്ങളും പൈല്‍സ് രോഗിക്കു നല്ലതാണ്. എന്നാല്‍ കാപ്പി, ചോക്ലേറ്റ്, ചുവന്ന മാംസം എന്നിവ ഒഴിവാക്കണം.  

ഈ രോഗങ്ങളുമായി ബന്ധപ്പെട്ട് പൊതുവേ ഉന്നയിക്കുന്ന സംശയങ്ങള്‍ 

1. പൈല്‍സ് രോഗിയുടെ ഭക്ഷണം?
 നാരു കൂടുതലുള്ള ഭക്ഷണം കഴിക്കുകയെന്നതാണ്. ചിലര്‍ പറയാറുണ്ട് പച്ചക്കറികളും പഴങ്ങളും കഴിച്ചിട്ടും മലബന്ധം മാറുന്നില്ലല്ലോ എന്ന്. വളരെ ശ്രദ്ധാപൂര്‍വം നാരുള്ള ഭക്ഷണം തിരഞ്ഞെടുത്താല്‍ ഇതു മാറും. ഏകദേശം 25-30 ഗ്രാം നാരുകള്‍ ഒരു ദിവസത്തെ ഭക്ഷണത്തില്‍ അടങ്ങിയ ഭക്ഷണക്രമമാണു വേണ്ടത്. 

മുഴുധാന്യങ്ങള്‍ക്കു ഭക്ഷണത്തില്‍ പ്രാധാന്യം കൊടുക്കുകയാണ് അതിനുള്ള ആദ്യപടി. തവിട് കളയാത്ത അരി, ഗോതമ്പ് ഇവ ഉപയോഗിക്കുന്നത് ഉത്തമം. ഓട്സില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇതു ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഭക്ഷണത്തിലെ ആകെ നാരിന്‍റെ അളവിനെ കൂട്ടാന്‍ സഹായിക്കും. 

ബ്രഡ് വാങ്ങുമ്പോള്‍ തവിടുള്ള ബ്രഡ് വാങ്ങുവാന്‍ ശ്രദ്ധിക്കുക. സാധാരണ ബ്രഡ് മലബന്ധം കൂട്ടും. പയറുവര്‍ഗങ്ങള്‍ തൊലി കളയാതെ ഉപയോഗിക്കുന്നതാണ് നല്ലത്. സാമ്പാറില്‍ പരിപ്പിനു പകരം ചെറുപയര്‍ ഉപയോഗിക്കുന്നതാണ് ഉത്തമം. 

മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍ കൂടുതല്‍ കഴിക്കുന്നതും നല്ലതാണ്. അതുപോലെ പാൽ  തൈര് മുതലായവ പൈല്‍സ് രോഗിക്കു കഴിക്കാം. പക്ഷേ അവയുടെ കൊഴുപ്പു നീക്കി കഴിക്കുന്നതാണ് ഉത്തമം. അധികം പുളിച്ചതൈര് ഒഴിവാക്കണം. 

2. പാളയം കോടന്‍ പഴം ശോധനയ്ക്ക് നല്ലതാണോ? 
രാത്രിയില്‍ ഒരു പാളയം കോടന്‍ പഴം കഴിച്ചാല്‍ പിറ്റേന്ന് ശോധന സുഖമമാണെന്ന് മിക്കവരും പറയാറുണ്ട്. ഈ പഴത്തിനുമാത്രമായി ഒരു പ്രത്യേകത ഉണ്ടെന്നു പറയാനാവില്ല. പക്ഷേ പഴങ്ങളില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നു. അതു പ്രയോജനം ചെയ്‌യും. 

ആപ്പിള്‍, മുന്തിരി , സ്‌ട്രോബറി, ഓറഞ്ച്, പഴം, പപ്പായ ഇവ ഭക്ഷണത്തില്‍ ദിവസവും ഉള്‍പ്പെടുത്തണം. ദിവസവും 200- 300 ഗ്രാം പഴങ്ങളെങ്കിലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഉത്തമം. തൊലി ഉപയോഗിക്കാവുന്നവയുടെ തൊലിയോടുകൂടി ഉപയോഗിക്കുന്നതാണ് ഉത്തമം. 

പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന ധാതുലവണങ്ങളും നാരുകളും ശോധനയ്ക്കു സഹായിക്കുന്ന കുടലിലെ ചലനങ്ങളെ സുഗമാക്കും. 

3. പച്ചക്കറികള്‍ ഗുണകരമാണോ? 
തീര്‍ച്ചയായും. നാരുകള്‍ മാത്രമല്ല പച്ചക്കറികളിലൂടെ ലഭിക്കുന്ന മറ്റു ചില ആവശ്യ പോഷകങ്ങളും പച്ചക്കറി കഴിക്കുന്നതിലൂടെ പൈല്‍സ് രോഗികളെ സഹായിക്കും. 

അതില്‍ ചീര, മുരിങ്ങയില തുടങ്ങി നമ്മള്‍ ഉപയോഗിക്കാവുന്ന എല്ലാ ഇലകളിലും ആന്‍റി ഓക്സ്ഡന്‍റെുകളും നാരുകളും കൂടുതല്‍ അടങ്ങിയിരിക്കുന്നു. അതുപോലെതന്നെ കാബേജ്, ക്വാളിഫ്ളവര്‍, ഉള്ളി, പടവലം, കാരറ്റ് ഇവയും പൈല്‍സിന് ഉത്തമമാണ്. 

4. ഒഴിവാക്കേണ്ട ഭക്ഷണം? 
ചില ഭക്ഷ്യവസ്തുക്കള്‍ മൂലവ്യാധിയുള്ളവര്‍ ഒഴിവാക്കണം. പ്രത്യേകിച്ചും പൈല്‍സ് രോഗമുള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. കഫീന്‍ കൂടുതല്‍ അടങ്ങിയ ചോക്ളേറ്റ് ഫ്‌ളേവര്‍ അടങ്ങിയ പലഹാരങ്ങള്‍, കാപ്പി, ചായ എന്നിവ പൂര്‍ണമായും ഒഴിവാക്കുകയോ സാധിക്കുന്നിലെ്ലങ്കില്‍ പരമാവധി കുറയ്ക്കുകയോ ചെയ്‌യുക. 

കൂടാതെ കൊഴുപ്പു കൂടുതലുള്ള റെഡ് മീറ്റ് (ചുവന്ന മാംസം), ബീഫ്, മട്ടന്‍ പ്രോസസ്ഡ് മീറ്റ് മുതലായവയും കഴിക്കേണ്ട. മസാല കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍, വറുത്തരച്ച കറികള്‍, എരിവ്കൂടുതല്‍ അടങ്ങിയ കറികള്‍ എന്നിവയും ഒഴിവാക്കണം. 

ഇവ മലബന്ധത്തിന് ആക്കം കൂട്ടുന്നവയാണ്. മൈദ ഉപയോഗിച്ചുള്ള പലഹാരങ്ങള്‍, പൊറോട്ട, കേക്ക്, പേസ്ട്രി, പഫ്സ് എന്നിവ ഒഴിവാക്കണം. പുകവലിയും മദ്യപാനവും പൂര്‍ണമായും ഒഴിവാക്കുന്നതും പൈല്‍സ് രോഗിക്ക് ആശ്വാസം നല്‍കും. 

 5.വെള്ളം കൂടുതല്‍ കുടിക്കണോ?
ശോധന നന്നായി നടക്കാന്‍ വേണ്ടത്ര വെള്ളം കുടിക്കേണ്ടത് ആവശ്യമാണ്. മലത്തിന്‍റെ കട്ടി കുറയ്ക്കാന്‍ ഇതു സഹായിക്കും സാധാരണ ഒരാള്‍ എട്ടു ഗ്ലാസ് വെള്ളം കുടിക്കണമെന്നാണ് നിര്‍ദേശം. കാലാവസ്ഥയ്ക്ക് അനുസരിച്ചു അതില്‍ മാറ്റം വരാം. 

പൈല്‍സ്, ഫിഷര്‍ പോലുള്ള രോഗമുള്ളവര്‍ വെള്ളം കുടി കുറയ്ക്കരുത്. ചായയും കാപ്പിയും ഒഴിവാക്കേണ്ടതിനാല്‍ പഴങ്ങളോ പഴച്ചാറുകളോ ആയി ശരീരത്തില്‍ ജലാശം എത്തുന്നകാര്യം ശ്രദ്ധിക്കണം. ഉറക്കമെണീറ്റ ഉടന്‍ ഇളം ചൂടുള്ള വെള്ളം കുടിക്കുന്നത് പലര്‍ക്കും സുഗമമായ മലശോധന സാധ്യമാക്കാറുണ്ട്. അതു പ്രയോജനം ചെയ്‌യുന്നവര്‍ക്ക് അതു ശീലിക്കാം.

6. താറാവുമുട്ട പൈല്‍സ് മാറ്റുമോ? 
ഇല്ല, അതൊരു തെറ്റിദ്ധാരണയാണ്. അടിസ്ഥാനപരമായി താറാവിന്‍റെയും കോഴിയുടേയും മുട്ടകള്‍ തമ്മില്‍ വ്യത്യാസമില്ല. കോഴിമുട്ട പൈല്‍സ് രോഗിക്കു ഉത്തമമല്ലെന്നു പറയുന്നത് മഞ്ഞക്കരുവിലെ കൊഴുപ്പിന്‍റെ സാന്നിധ്യംകൊണ്ടാണ്. ഇതേകാരണം കൊണ്ടുതന്നെ താറാവുമുട്ടയും ഒഴിവാക്കുന്നതാണു നല്ലത്. മുട്ടയുടെ വെള്ള കഴിക്കുന്നതില്‍ തെറ്റില്ല. 

7. രക്തസ്രാവവും വേദനയുമുള്ളപ്പോള്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടത്? 
കട്ടിയുള്ള ആഹാരം പരമാവധി ഒഴിവാക്കി ദ്രാവക രൂപത്തിലുള്ള ഭക്ഷണം കഴിക്കുന്നതാണ് ഈ സമയത്ത് കൂടുതല്‍ നല്ലത്. നന്നായി വേവിച്ച, ധാരാളം വെള്ളം ചേര്‍ത്ത കഞ്ഞി കുടിക്കാം. പഴച്ചാറുകള്‍, പച്ചക്കറിസൂപ്പ് എന്നിവ നല്ലതാണ്. അച്ചാറുകള്‍, പപ്പടം പോലുള്ളവ ഈ സമയത്ത് പൂര്‍ണമായും ഒഴിവാക്കണം. 

8.കോഴിയിറച്ചി കഴിക്കാമോ? 
ഈ ചോദ്യം മിക്ക പൈല്‍സ്‌രോഗികളും ഉന്നയിക്കുന്നതാണ്. കോഴിയിറച്ചിയോ കോഴിമുട്ടേയാ പൈല്‍സ് രോഗിക്കു കഴിക്കാന്‍ പാടില്ല എന്നതിനു ശാസ്ത്രീയമായ ഒരു തെളിവുമില്ല. നാരുകുറഞ്ഞ ഏതു ഭക്ഷണവും മലബന്ധത്തിനും അതിനെ തുടര്‍ന്നുള്ള രക്തസ്രാവത്തിനും കാരണമാകാം. 

മാംസഭക്ഷണത്തില്‍ നാരുകളില്ല. ഏതു മാംസഭക്ഷണവും പൈല്‍സ് രോഗിക്ക് ഉചിതമല്ല. പക്ഷേ വേണ്ടത്ര നാരുകളടങ്ങിയ ഭക്ഷണം കഴിക്കുന്ന ഒരു രോഗി അല്‍പം മാംസം കഴിച്ചുവെന്നു കരുതി വലിയ കുഴപ്പമുണ്ടാകുമെന്നു തോന്നുന്നില്ല. 

 മറ്റൊന്നുള്ളത് നമ്മുടെ മാംസഭക്ഷണത്തില്‍ കൊഴുപ്പിന്‍റെയും മസാലക്കൂട്ടുകളുടേയും അളവ് കൂടുതലാണ്. ഇവ രണ്ടും പൈല്‍സ് രോഗിക്കു നല്ലതല്ല. അഥവാ മാംസഭക്ഷണം കഴിക്കേണ്ടി വന്നാല്‍ എണ്ണയില്‍ വറുത്തവയും ധാരാളം മസാല ചേര്‍ത്തവയും ഒഴിവാക്കുക. 

ഗ്രേവി പരമാവധി ഒഴിവാക്കി കഴിക്കുന്നതും കൂടുതല്‍ നല്ലതാണ് 

ജയശ്രീ എന്‍. 
എസ്സീനിയര്‍ ഡയറ്റീഷ്യന്‍ 
കിംസ് ഹോസ്പിറ്റല്‍
തിരുവനന്തപുരം

No comments:

Post a Comment