scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Sunday, September 1, 2013

വെണ്ട കൃഷി

ഇംഗ്ലീഷില്‍ Okra,Lady's fingers എന്നീ പേരുകളില്‍ അറിയപ്പെടുന്ന വെണ്ടയുടെ ജന്മദേശം ആഫ്രിക്കയാണ്. വരണ്ട കാലാവസ്ഥയുള്ള പ്രദേശങ്ങളിലാണ് വെണ്ട കൃഷി ചെയ്യുന്നത്. മാല്‍വേസി കുലത്തില്‍പ്പെടുന്ന ഇതിന്റെ ശാസ്ത്രീയനാമം എബീല്‍ മൊസ്‌കസ് എസ്‌കുലന്റസ് (Abelmoschus esculentus) എന്നാണ്.

വെണ്ട കൃഷിക്ക് ഏറ്റവും അനുയോജ്യമായ കാലാവസ്ഥയാണ് കേരളത്തിലുള്ളത്. ഫിബ്രവരി-മാര്‍ച്ച്, ജൂണ്‍-ജൂലായ്, ഒക്ടോബര്‍-നവംബര്‍ എന്നീ മൂന്ന് സീസണുകളില്‍ കൃഷി ആരംഭിക്കാവുന്നതാണ്.

കേരളത്തില്‍ അധികം ഉപയോഗിക്കുന്നത് നീളമുള്ള 'അര്‍ക്ക അനാമിക' (ശാഖകളില്ലാത്ത ഇനം,പച്ചനിറത്തില്‍ കായ്കള്‍)വിഭാഗത്തില്‍പ്പെട്ട വെണ്ടയാണ്. 
കിരണ്‍(മഞ്ഞകലര്‍ന്ന പച്ചനിറത്തോടുകൂടിയ നീളമുള്ള കായ്കള്‍), പഞ്ചാബ് പത്മിനി (കടും പച്ചനിറത്തില്‍ കായ്കള്‍), സല്‍കീര്‍ത്തി (ഇളം പച്ചനിറത്തിലുള്ള നീളം കൂടിയ കായ്കള്‍), അരുണ (ഇളം ചുവപ്പുനിറത്തില്‍ നീളംകൂടിയ കായ്കള്‍), സുസ്ഥിര (ദീര്‍ഘകാലം നിലനില്‍ക്കുന്ന ഇനം, നീണ്ട കായ്കള്‍) എന്നിവയാണ് മറ്റ് വെണ്ട ഇനങ്ങള്‍.

ഒരു സെന്റ് സ്ഥലത്ത് വെണ്ട കൃഷി ചെയ്യുവാന്‍ 30 മുതല്‍ 35 ഗ്രാം വരെ വിത്ത് മതി. ഇതില്‍ നിന്നും 200 ചെടിവരെ കിട്ടും. നടാനുള്ള സ്ഥലം നന്നായി കിളച്ചശേഷം അല്പം കുമ്മായം ഇട്ടുകൊടുക്കണം. ഇത് മണ്ണിന്റെ പുളിപ്പ് മാറാന്‍ സഹായിക്കും.

അടിവളമായി 200 കിലോ ഗ്രാം ചാണകപ്പൊടി നല്‍കാം. അല്പം ഉയരത്തില്‍ വാരമെടുത്ത് വിത്ത് കുതിര്‍ത്തിയശേഷം മണ്ണില്‍ നേരിട്ട് നടാവുന്നതാണ്. വിത്ത് നടുമ്പോള്‍ വരികള്‍ തമ്മില്‍ 60 സെന്റിമീറ്ററും ചെടികള്‍ തമ്മില്‍ 45 സെന്റിമീറ്ററും അകലം വേണം.

ഒന്നേകാല്‍ കിലോ കപ്പലണ്ടിപ്പിണ്ണാക്ക് 200 ഗ്രാം എല്ലുപൊടി ഒരു കിലോ ചാരം എന്നിവ കൂട്ടിച്ചേര്‍ത്ത മിശ്രിതം ചെടിക്ക് നല്‍കാവുന്നതാണ്. വളം നല്‍കുന്നതിനു മുന്‍പ് ചെടിയും മണ്ണും നനയ്ക്കണം.

വെണ്ട കൃഷിയെ ബാധിക്കുന്ന രോഗങ്ങള്‍ തുരപ്പന്‍, മഞ്ഞളിപ്പ് എന്നിവയാണ്. വേപ്പിന്‍കുരു പൊടിച്ച് 24 മണിക്കൂര്‍ വെള്ളത്തിലിട്ട് ചീയിച്ച മിശ്രിതം ഇരട്ടി വെള്ളം ചേര്‍ന്ന് കീടനാശിനിയായി ഉപയോഗിക്കാവുന്നതാണ്. ഒരു സെന്റ് സ്ഥലത്ത് കൃഷിയില്‍ നിന്ന് മൂന്നുമാസം കൊണ്ട് 60 കിലോ വെണ്ട വിളവെടുക്കാന്‍ സാധിക്കും.

No comments:

Post a Comment