scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Monday, September 9, 2013

തക്കാളി കൃഷി

തക്കാളി ഒരു ഉഷ്ണകാല സസ്യമാണ്. ശരാശരി 21-23 °C താപ നില ഇതിൻറെ വളർച്ചയ്ക്ക് അനുയോജ്യമാണ്. 18-27 °C വരെ താപനിലയുള്ള പ്രദേശങ്ങളിൽ തക്കാളി വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്തു വരുന്നു.

സൂര്യപ്രകാശത്തിൻറെ ഏറ്റക്കുറച്ചിലും താപനിലയും ഫലത്തിൻറെ ഉത്പാദനത്തേയും പോഷകമൂല്യത്തേയും വർണരൂപവത്കരണത്തേയും വളരെയധികം സ്വാധീനിക്കാറുണ്ട്.

തക്കാളി ഏതാനും വർഷം വരെ വളരുന്ന ചിരസ്ഥായി സസ്യമാണെങ്കിലും കൃഷിചെയ്യുമ്പോൾ വാർഷികസസ്യമായിട്ടാണ് വളർത്തി വരുന്നത്.


ഇനഭേദമനുസരിച്ച് തക്കാളിയുടെ തണ്ടിൻറെ സ്വഭാവവും വ്യത്യാസപ്പെടുന്നു. നല്ല ബലമുള്ള കുറുകിയ തണ്ടോടുകൂടിയതും നിവർന്നു വളരാൻ പ്രാപ്തവുമായ ഇനവും, നേർത്ത് ബലം കുറഞ്ഞ നീണ്ട തണ്ടോടുകൂടിയ അർധ ആരോഹി ഇനവും ഉണ്ടാകാറുണ്ട്.

ബലം കുറഞ്ഞ അർധ ആരോഹി ഇനത്തിൽ നിന്നാണ് കൂടുതൽ വിളവു ലഭിക്കുക. ഇതിൻറെ തണ്ടിന് താങ്ങുകൾ (ഊന്നുകൾ) നൽകി നിവർത്തി നിറുത്തുകയാണു പതിവ്.

തണ്ടിൽ ഇലകൾക്കെതിരേ അല്പം മുകളിലോ താഴെയോ ആയി ചെറിയ അസീമാക്ഷ(racemose) പുഷ്പമഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. പുഷ്പമഞ്ജരി അഗ്രമുകുളത്തിൽ നിന്നു രൂപപ്പെടുകയും കക്ഷീയമുകുളം വളർന്ന് പ്രധാന ശാഖയായി തുടരുകയും ചെയ്യുന്നു.

പുഷ്പവൃന്ദം കുറുകിയതും മധ്യഭാഗം സങ്കോചനത്തോടു കൂടിയതുമാണ്. പുഷ്പത്തിന്റെ വികാസദശയിലെ ഏതു ഘട്ടത്തിലും പുഷ്പങ്ങൾ കൊഴിഞ്ഞു പോകാമെങ്കിലും പുഷ്പങ്ങൾ വിരിഞ്ഞ് 2-3 ദിവസങ്ങൾക്കുള്ളി ലാണ് സാധാരണ ഇതു സംഭവിക്കാറുള്ളത്.പുഷ്പങ്ങൾക്ക് ബാഹ്യദളങ്ങളും ദളങ്ങളും ആറെണ്ണം വീതമുണ്ടായിരിക്കും. ബാഹ്യദളങ്ങൾ ചിരസ്ഥായിയായി ഫലത്തോടൊപ്പം വളരുന്നു.


തക്കാളിപ്പഴത്തിന് വർണഭേദം നല്കുന്നത് കരോട്ടിൻ, ലൈക്കോപെർസിഡിൻ എന്നീ വർണകങ്ങളുടെ വ്യത്യസ്ത സാന്ദ്രതയിലുള്ള സാന്നിധ്യമാണ്. വിത്തുകൾ പരന്നതും ഇളം തവിട്ടുനിറമുള്ളതും ആണ്.

മണലും കളിമണ്ണും കലർന്ന പശിമരാശി മണ്ണാണ് തക്കാളി കൃഷി ചെയ്യാൻ അനുയോജ്യം. വർഷത്തിൽ രണ്ടുതവണ കൃഷിയിറക്കുന്നു. ഒരു ഹെ. സ്ഥലത്തേക്ക് 400 ഗ്രാം വിത്ത് ആവശ്യമാണ്. ഒരു ഗ്രാം വിത്തിൽ ഏതാണ്ട് 300 വിത്തുകളുണ്ടായിരിക്കും.

തക്കാളിത്തൈകളുടെ തണ്ടിന് നല്ല ബലം ഉണ്ടായതിനുശേഷമേ പറിച്ചുനടാവൂ. തൈകൾ അന്തരീക്ഷാവസ്ഥയിൽ തുറസ്സായി വളർത്തുകയും ഇടയ്ക്കിടെ ജലസേചനം നടത്താതിരിക്കുകയും ചെയ്താൽ തണ്ട് ബലമുള്ളതായിത്തീരും.

തൈകൾ പറിച്ചുനടുമ്പോഴും നടീലിനു ശേഷവും വളരെ വേഗം ആഗിരണം ചെയ്യാനാകുന്ന സസ്യപോഷകങ്ങൾ നല്കണം. നൈട്രജൻ, ഫോസ്ഫറസ് വളങ്ങൾ മണ്ണിൽ ചേർക്കുന്നതും നേർത്ത ലായനി ഇലകളിൽ തളിക്കുന്നതും തൈകൾക്ക് ഗുണകരമാണ്.

ക്രമമായ രീതിയിലുള്ള ജലസേചനം തക്കാളിക്കൃഷിക്ക് അനിവാര്യമാണ്. ഇടയ്ക്കിടെ ഇടയിളക്കുകയും കളകൾ നീക്കം ചെയ്യുകയും ചെയ്യണം. മണ്ണിലെ ഈർപ്പം നഷ്ടപ്പെടാതിരിക്കുന്നതിനും രോഗനിയന്ത്രണത്തിനും കളനിയന്ത്രണത്തിനും ആദായകരമായ കായ്ഫലം ലഭിക്കുന്നതിനും ഫലത്തിൻറെ മേന്മ വർദ്ധിക്കുന്നതിനും മണ്ണിൽ വയ്ക്കോലോ അതുപോലുള്ള പദാർഥങ്ങളോ കൊണ്ട് ആവരണമിടുന്നത് നന്നായിരിക്കും.

മുൻകാലങ്ങളിൽ കൃഷിചെയ്തിരുന്ന ഇനങ്ങളുടേതിൽ നിന്ന് വ്യത്യസ്തമാണ് ഇക്കാലത്തെ കൃഷിയിൽ നിന്നു ലഭിക്കുന്ന ഫല ങ്ങൾ. വലിപ്പം കൂടിയതും ഗുണമേന്മയുള്ളതുമായ ഫലങ്ങൾ ഉത്പാദിപ്പിക്കുവാൻ പുതിയ കൃഷിയിലൂടെ സാധിക്കുന്നുണ്ട്. പൂസ റൂബി, മംഗള, പൂസ 120, എച്ച്.എസ്.102, എസ് 12, സി.ഒ.1 എന്നിവയാണ് ഇന്നു കൃഷി ചെയ്തുവരുന്ന പ്രധാന ഇനങ്ങൾ.

തക്കാളികൃഷിയെ ബാധിക്കുന്ന രോഗങ്ങൾ

ഉഷ്ണമേഖലാപ്രദേശങ്ങളിൽ തക്കാളിക്കൃഷിയ്ക്ക് ഏറ്റവുമധികം നഷ്ടമുണ്ടാക്കുന്നത് ഇലച്ചുരുൾ രോഗമാണ്. വേരുചീയൽ, ഫലം ചീയൽ, പലവിധ കുമിളു രോഗങ്ങൾ എന്നിവ തക്കാളിയെ ബാധിക്കാറുണ്ട്. തക്കാളി സസ്യത്തിന് ബാക്ടീരിയ മൂലമുള്ള ബാക്ടീരിയൽ വാട്ടവും (wilt) ബാക്ടീരിയൽ കാങ്കർ (canker) എന്ന പേരിലറിയപ്പെടുന്ന അഴുകലും സംഭവിക്കുന്നു.

പുകയില മൊസേക്ക് വൈറസ്, ഇലച്ചുരുൾ വൈറസ് തുടങ്ങിയവയും രോഗങ്ങളുണ്ടാക്കുന്ന വിവിധയിനം കീടങ്ങളും തക്കാളിച്ചെടിക്കു ഭീഷണിയായിത്തീരാറുണ്ട്.

No comments:

Post a Comment