scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Sunday, September 8, 2013

പെണ്‍കുട്ടികളും ജീവിതശൈലി രോഗങ്ങളും

ജീവിത ശൈലിയില്‍ ഈ അടുത്ത കാലത്ത് പെട്ടെന്നുണ്ടായ ചിലമാറ്റങ്ങള്‍ എല്ലാ സ്ത്രീകളിലും പ്രത്യേകിച്ച് കൗമാരക്കാരില്‍ പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്.

ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍. മാസംന്തോറുമുള്ള ആര്‍ത്തവം കൃത്യമായി ഉണ്ടാകാതിരിക്കുക, ആര്‍ത്തവ സമയത്ത് കൂടുതലായി രക്തസ്രാവം ഉണ്ടാവുക തുടങ്ങിയവയാണ് അടുത്തകാലത്തായി നമ്മുടെ കുടുംബങ്ങളിലെ പെണ്‍കുട്ടികളില്‍ കൂടുതലായും സ്ത്രീകളില്‍ പൊതുവേയും കണ്ടുവരുന്ന ഒരു പ്രശ്നം.


ഇത്തരം രോഗങ്ങളുടെ തോത് സമീപകാലത്തായി കൂടുതലായിട്ടുമുണ്ട്. പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം എന്നപേരില്‍ അറിയപ്പെടുന്ന ഈ രോഗം നഗരങ്ങളില്‍ ശരാശരി പുകുതിയിലധികം പെണ്‍കുട്ടികളില്‍ കണ്ടുവരുന്നുണ്ട്.

ഭക്ഷണം, ഉറക്കം, വിശ്രമം, വ്യായാമം എന്നി കാര്യങ്ങളിലും മാനസികനിലയിലും ഉണ്ടായ കാതലായ മാറ്റങ്ങളാണ് ഇത്തരം ജീവിതശൈലീരോഗങ്ങള്‍ക്ക് കാരണമായി കണ്ടുവരുന്നത്. ഇന്നുണ്ടാകുന്ന രോഗങ്ങളില്‍ 90 ശതമാനത്തോളവും ജീവിത ക്രമത്തിലുണ്ടായ താളപ്പിഴകള്‍ മൂലമാണ്.

പരമ്പരാഗത ആഹാരശീലങ്ങളില്‍ നിന്ന് മാറി ഫാസ്റ്റ് ഫുഡുകളും കോളപോലുള്ള പാനീയങ്ങളും പൊരിച്ചതും വറുത്തതുമായ ബേക്കറി പലഹാരങ്ങളും മാംസ ഭക്ഷണവും നമ്മുടെ നിത്യോപയോഗ വസ്തുക്കളായി മാറിയതാണ് പെണ്‍കുട്ടികളിലെ ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് ഒരു പ്രധാന കാരണം.

വ്യായാമ രഹിതമായ ജീവിതം മറ്റൊരു പ്രശ്നമാണെങ്കിലും അമിതമായ മാനസിക സംഘര്‍ഷങ്ങളും സമ്മര്‍ദ്ദങ്ങളുമാണ് ഇതിൻറെയൊക്കെ മൂലകാരണമായി തീരുന്നത്.

പഠനം അറിവുനേടല്‍ എന്നതിനേക്കാളുപരി ഉയര്‍ന്ന തൊഴില്‍ നേടാനുളള ഉപാധിയായി മാറുകയും ജോലി സമൂഹത്തില്‍ കുടുംബങ്ങള്‍ക്കുള്ള ആഭിജാത്യത്തിൻറെ അളവുകോലുകളുമായി മറുകയും ചെയ്തതോടെ ഈ രംഗത്ത് മല്‍സരം മുറുകുകയും വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം എടുത്താല്‍ പെന്താത്ത ഭാരമാവുകയും ചെയ്തു.

ഇത്തരം സാഹചര്യം കുട്ടികള്‍ക്കിടയില്‍ കടുത്ത മാനസിക സമ്മര്‍ദ്ദമാണ് സൃഷ്ടിക്കുന്നത്. നന്നായി പഠിച്ചാല്‍ മാത്രം പോര ഒന്നാമതെത്തണം എന്ന മാതാപിതാക്കളുടെ മനോഭാവം ഒരുതരത്തില്‍ കുട്ടികളുടെ ആരോഗ്യത്തെയാണ് ബാധിക്കുന്നത്. ഇത്തരം സമ്മര്‍ദ്ദങ്ങള്‍ കൗമാര മനസുകളില്‍ സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ പ്രവചനാതീതമാണ്.

കടുത്ത സമ്മര്‍ദ്ദത്തിന് ഇരയാകുന്ന കുട്ടികളില്‍, പ്രത്യേകിച്ച് എന്‍ട്രന്‍സിനും മറ്റുമായി ഹോസ്റ്റലില്‍ നിന്ന് പഠിക്കുന്ന കാലത്ത് ആര്‍ത്തവക്രമക്കേടുകള്‍ കൂടുതലായി കണ്ടുവരുന്നുണ്ട്. പഠനഭാരം, മല്‍സരസ്വഭാവം എന്നിവ സൃഷ്ടിക്കുന്ന സംഘര്‍ഷത്തിന് പുറമെ ഉറക്കക്കുറവ്, വ്യായാമത്തിന്‍െറ അഭാവം എന്നിവയും ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാവുന്നുണ്ട്.

പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം ബാധിച്ച പെണ്‍കുട്ടികളില്‍ ആര്‍ത്തവക്രമക്കേടുകള്‍ക്ക് പുറമെ അമിതവണ്ണം, ശരീരത്തില്‍ പ്രത്യേകിച്ച് മുഖത്തും മറ്റും രോമക്കൂടുതല്‍ എന്നിവയും കണ്ടുവരുന്നു.

ഇത് രോഗിയില്‍ കൂടുതല്‍ മാനസിക സംഘര്‍ഷം സൃഷ്ടിക്കുകയും വ്യായാമം തീരെയില്ലാത്ത ജീവിതക്രമങ്ങളും രോഗങ്ങള്‍ക്ക് ചെറിയതല്ലാത്ത സംഭാവന നല്‍കുന്നുണ്ട്.

പഠിക്കുന്ന കുട്ടികള്‍ എന്ന പരിഗണന നല്‍കി വീട്ടുജോലികളില്‍ നിന്ന് വിമുക്തരാവുന്ന ഇവര്‍ ക്ളാസുമുറികളിലും ട്യൂഷന്‍ ക്ളാസുകളിലും ഏിറിയപങ്കും ചെലവഴിക്കുന്നതിനാല്‍ തികച്ചും വ്യായാമരഹിതമായ ജീവിതമാണ് നയിക്കുന്നത്.

പുതിയ തലമുറയിലെ ചിലര്‍ ടൂവീലറിലും ബാക്കിയുള്ളവര്‍ ബസുകളിലും മറ്റും യാത്രപതിവാക്കുകമൂലം നടത്തം എന്ന സ്വാഭാവിക വ്യായാമം പോലും ഇക്കൂട്ടര്‍ക്ക് നഷ്ടമാകുന്നു. വ്യായാമക്കുറവും കൊഴുപ്പേറിയ ഭക്ഷണശീലവും ചേര്‍ന്ന് തടികൂടാനിടയാകുകയും ചെയ്യുന്നു.

മുമ്പ് വിശേഷദിവസങ്ങളിലോ വിരുന്നുകാര്‍ വരുമ്പോഴോ മാത്രം വീടുകളില്‍ പാചകം ചെയ്തിരുന്ന കോഴിയിറച്ചികൊണ്ടുള്ള വിഭവങ്ങള്‍ നിത്യഭക്ഷണമായതും ആരോഗ്യപ്രശ്നങ്ങള്‍ കൂട്ടിയിട്ടുണ്ട്.

അന്യസംസ്ഥാനങ്ങളില്‍ ഹോര്‍മോണുകളും മറ്റും നല്‍കി പെട്ടെന്ന് വളര്‍ത്തിയെടുക്കുന്ന ബ്രോയിലര്‍-ലഗോണ്‍ കോഴികള്‍ ഉണ്ടാക്കുന്ന കൂടുതല്‍ ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് വിദഗ്ദര്‍ ശാസ്ത്രീയമായ പഠനങ്ങള്‍ നടത്തേണ്ടതുണ്ട്. എന്തായാലും ഇവ പതിവായി കഴിക്കുന്നവരില്‍ നിരവധി രോഗങ്ങള്‍ കണ്ടുവരുന്നുണ്ട്.

ഈ രോഗത്തിൻറെ ചികില്‍സയുടെ ഒരു പ്രധാനഭാഗം ജീവിതശൈലിയില്‍ മാറ്റം വരുത്തുകതന്നെയാണ്.

ശരിയായ രീതിയിലുള്ള ഭക്ഷണം, പതിവായ വ്യായാമം, യോഗ എന്നിവയാണ് മരുന്നുകള്‍ക്കൊപ്പം നിര്‍ദ്ദേശിക്കാറുള്ളത്.

എരുവ്, പുളി എന്നിവ പരമാവധി ഒഴിവാക്കുക, എണ്ണയില്‍ വറുത്തതും പൊരിച്ചതും ബേക്കറി പലഹാരങ്ങളും ഉപേക്ഷിക്കുക, ഫ്രിഡ്ജില്‍ സൂക്ഷിച്ചശേഷം ചൂടാക്കി ഉപയോഗിക്കാതിരിക്കുക, മാംസഭക്ഷവും മുട്ടയും ഒഴിവക്കുക എന്നിവയാണ് വേഗത്തിലുള്ള രോഗശമനത്തിന് ആവശ്യമായിട്ടുള്ളത്.

No comments:

Post a Comment